സെറീന വലിയ താരം: വിക്ടോറിയ അസരങ്കെ
DSport
സെറീന വലിയ താരം: വിക്ടോറിയ അസരങ്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th September 2012, 11:30 am

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് മത്സരത്തില്‍ കിരീടം നേടിയ സെറീന വില്യംസ് മികച്ച താരമാണെന്ന് സെറീനയുടെ എതിരാളിയായ വിക്ടോറിയ അസരങ്കെ. സെറീനയില്‍ നിന്നും താന്‍ ഏറെ പാഠങ്ങള്‍ പഠിച്ചെന്നും അസരങ്കെ പറഞ്ഞു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

“എന്നെ സംബന്ധിച്ച് അവര്‍ വലിയ താരമാണ്. എല്ലാ സമയവും ഒരേ ഫോമില്‍ കളിക്കാന്‍ കഴിയുന്നുവെന്നതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത. മത്സരത്തില്‍ തോറ്റെങ്കിലും എനിയ്ക്ക് വിഷമമൊന്നുമില്ല. കാരണം കടുത്ത മത്സരങ്ങള്‍ പിന്നിട്ടാണ് ഞാന്‍ ഫൈനല്‍ വരെ എത്തിയത്.[]

സെറീനയ്ക്ക് മികച്ച എതിരാളിയാവാന്‍ കഴിഞ്ഞെന്നാണ് എനിയ്ക്ക് തോന്നുന്നത്. ഓരോ തോല്‍വിയും നമുക്ക് ഓരോ പാഠം നല്‍കും. ഈ കഴിഞ്ഞ തോല്‍വിയിലും ഞാന്‍ പുതിയ പാഠങ്ങളും കളിയുടെ മറ്റ് വശങ്ങളും പഠിക്കുകയായിരുന്നു.

സെറീനയ്‌ക്കൊപ്പം കളിക്കുമ്പോള്‍ നമുക്ക് എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കും. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്ന തോന്നലും അപ്പോള്‍ ഉണ്ടാകും.

എന്റെ കളിയില്‍ ഞാന്‍ സംതൃപ്തയാണ്. മത്സരത്തിലെ തോല്‍വിയും ജയവുമല്ല വിഷയം. മറിച്ച് ഓരോ മത്സരവും മെച്ചപ്പെടുത്തുന്നതിലാണ് കാര്യം. സെറീനയെ സംബന്ധിച്ച് ഓരോ മത്സരത്തെയും എങ്ങനെ നേരിടണമെന്ന് കൃത്യമായി അറിയാം. അവര്‍ക്ക് ദീര്‍ഘനാളത്തെ അനുഭവസമ്പത്ത് ഉണ്ട്”- അസരങ്കെ പറഞ്ഞു.

അസരങ്കെയെ 6-2, 2-6, 7-5 എന്ന സ്‌കോറിനാണ് സെറീന പരാജയപ്പെടുത്തിയത്. നാലാം യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന സെറീനയുടെ 15ാം ഗ്രാന്റ്സ്ലാം കിരീടം കൂടിയാണിത്.