'തോറ്റു പോവരുത്, കൊവിഡ് സുനാമിയേക്കാള്‍ വലുതായേക്കാം'; കര്‍ശനമായ നടപടികളുമായി മലേഷ്യ
COVID-19
'തോറ്റു പോവരുത്, കൊവിഡ് സുനാമിയേക്കാള്‍ വലുതായേക്കാം'; കര്‍ശനമായ നടപടികളുമായി മലേഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2020, 2:49 pm

ക്വലാംലംപുര്‍: കൊവിഡ്-19 മലേഷ്യയില്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ നടപടികള്‍ക്കൊരുങ്ങി മലേഷ്യ. തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സുരക്ഷാനീക്കങ്ങള്‍. 673 പേര്‍ക്കാണ് നിലവില്‍ മലേഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

‘കൊവിഡിന്റെ വ്യാപനം തടയാന്‍ നേരിയ സാധ്യത നമുക്ക് മുന്നിലുണ്ട്. ഇവിടെ തോല്‍ക്കാന്‍ പാടില്ല. അല്ലാത്ത പക്ഷം നമ്മള്‍ ഈ വൈറസിന്റെ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങും. അത് സുനാമിയേക്കാള്‍ വലുതായേക്കാം,’ മലേഷ്യന്‍ ആരോഗ്യമന്ത്രാലയം ഹെല്‍ത്ത് ഡയരക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുള്ള പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മലേഷ്യയിലെയും ഫിലിപ്പീന്‍സിലെയും പ്രധാന കേന്ദ്രങ്ങള്‍ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.

ക്വലാലംപൂരിലെ ഒരു മുസ്‌ലിം പള്ളിയില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ 16000ത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 1500 പേര്‍ വിദേശത്തുനിന്നുള്ളവരായിരുന്നു. മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളില്‍ 428 പേര്‍ക്കും ഈ ചടങ്ങില്‍ പങ്കെടുത്തതിലൂടെയാണ് വൈറസ് വ്യാപിച്ചതെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം മല്യേഷിയിലെ പെനഗ് എന്ന സ്ഥലത്ത് നടന്ന ഒരു ഹിന്ദു മതാചാരത്തില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്. മാര്‍ച്ച് 8 ന് നടന്ന ഈ പരിപാടിയില്‍ 10000 പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇവിടെ നിന്നും ഇതുവരെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു പേരാണ് ഇതുവരെ മലേഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.