കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കൂട്ടിയും കിഴിച്ചും വോട്ടുകള്‍ കണക്കുകൂട്ടിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയുമെല്ലാം കണക്കുകൂട്ടലെല്ലാം താളംതെറ്റിയ കാഴ്ചയാണ് ഫലം പുറത്ത് വന്നപ്പോള്‍ കണ്ടത്.
യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് തൃക്കാക്കരയില്‍ ഉമാ തോമസ് സ്വന്തമാക്കിയത്.
വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ റൗണ്ടില്‍ തന്നെ ഉമാ തോമസ് മുന്നില്‍ തന്നെയായിരുന്നു. പിന്നീട് കടന്നുപോയ ഓരോ റൗണ്ടിലും ഉമാ തോമസ് വിജയ തരംഗം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അവസാന റൗണ്ടിലെത്തിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയത് 72770 വോട്ടുകളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് 47754 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ 12957 വോട്ടുകളും നേടി.
239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ ഇത്തവണ ആകെ പത്തെണ്ണം മാത്രമാണുണ്ടായിരുന്നത്. അതില്‍ വെറും ഒരു വോട്ടിന്റെ ലീഡ് മാത്രമാണ് ഉമാ തോമസിന് കിട്ടിയത്. മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. മൂന്ന് വോട്ടുകള്‍ ഉമാ തോമസിന് കിട്ടിയപ്പോള്‍ രണ്ട് വോട്ടുകള്‍ വീതം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചു.
ആകെ പത്ത് റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ആദ്യ എട്ട് റൗണ്ടുകള്‍ കോര്‍പ്പറേഷന്‍ ഡിവിഷനുകളും അവസാന രണ്ട് റൗണ്ടില്‍ തൃക്കാക്കര മുന്‍സിപ്പാലിറ്റിയായിരുന്നു. ഒരു റൗണ്ടില്‍ 21 ബൂത്തുകള്‍ എണ്ണി.
5978 വോട്ടുകളാണ് ആദ്യറൗണ്ടില്‍ ഉമ തോമസിന് കിട്ടിയത്. അതായത് 2518 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് ലീഡ് ഉയര്‍ത്തി. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് ലഭിച്ചത് 3729 വോട്ടുകളാണ്. ഇടപ്പള്ളി, പോണേക്കര എന്നീ ഡിവിഷനുകളിലെ 15 ബൂത്തുകളിലും യു.ഡി.എഫ് മുന്നിലെത്തി. 1500 വോട്ടുകളുടെ ലീഡാണ് ഇവിടെ യു.ഡി.എഫ് പ്രതീക്ഷിച്ചത്. പി.ടി. തോമസിന് 2021-ല്‍ ഇവിടെ നിന്ന് കിട്ടിയത് 1258 വോട്ടുകളുടെ ലീഡ് മാത്രമാണ്.
പിന്നീട് വോട്ടെണ്ണലിന്റെ ഓരോ റൗണ്ടിലും ഉമാ തോമസിന്റെ കുതിപ്പായിരുന്നു. പകുതി റൗണ്ടില്‍ തന്നെ യു.ഡി.എഫ് ക്യാമ്പുകല്‍ വിജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
ആറാം റൗണ്ട് കഴിഞ്ഞപ്പോഴേക്കും 15000ല്‍ അധികം വോട്ടുകളുടെ ലീഡായി ഉയര്‍ന്നു. 12414 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആറ് റൗണ്ട് കടന്നപ്പോള്‍ ഉമാ തോമസിന് കിട്ടിയത്.
ഏഴാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 14903 വോട്ടുകളോടെ കഴിഞ്ഞ വര്‍ഷത്തെ പി.ടി. തോമസിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. ജോ ജോസഫിന് 28172 വോട്ടും, എ.എന്‍ രാധാകൃഷ്ണന്‍ 8711 വോട്ടും നേടി.
അവസാനത്തെ റൗണ്ടിലേക്ക് കടക്കുമ്പോഴേക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസ് തരംഗമായിരുന്നു. യു.ഡി.എഫ് ക്യാമ്പുകള്‍ വിജയാഹ്ലാദ പ്രകടനങ്ങളുമായി നിരത്തിലിറങ്ങി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പി.ടി. തോമസ് ജയിച്ചു കയറിയത്. 59839 വോട്ടുകളാണ് പി.ടി. തോമസ് അന്ന് നേടിയത്. ഇത്തവണ അത് 72770 ആയി ഉയര്‍ത്താന്‍ ഉമാ തോമസിന് സാധിച്ചു.
2021ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ ഡോ. ജെ ജേക്കബിന് 45,510 വോട്ടുകളാണ് കിട്ടിയത്. ഇത്തവണ അത് 47754 ഉയര്‍ന്നെങ്കിലും എല്‍.ഡി.എഫ് പ്രതീക്ഷിച്ചതും കണക്കുകൂട്ടിയതുമായ വോട്ടുകള്‍ ലഭിച്ചില്ല എന്ന ആശങ്ക അവര്‍ക്ക് മുന്നിലുണ്ട്. 33.32 ശതമാനമായിരുന്നു ഡോ. ജെ ജേക്കബിന്റെ വോട്ടു വിഹിതമെങ്കില്‍ ഇത്തവണ ജോ ജോസഫിന് അത് 35.28 ശതമാനമാണ്. 2021ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സജി 15,483 വോട്ടുകള്‍ നേടി മൂന്നാമതായെങ്കില്‍ 2022ല്‍ അത് 12957 ആയി കുറഞ്ഞു.
ഒരു മാസത്തോളം മന്ത്രിമാര്‍ ഉള്‍പ്പെടെ മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ വന്നു പ്രവര്‍ത്തിച്ചിട്ടും അതിന്റെ മാറ്റം കാണാന്‍ കഴിഞ്ഞില്ല എന്നത് ഇടതുപക്ഷത്തിനെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയാണ്. സെഞ്ച്വറി തികയ്ക്കുമെന്ന് അവകാശപ്പെട്ടിട്ടും വോട്ടുനിലയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ എല്‍.ഡി.എഫിന് സാധിച്ചിട്ടില്ല.
എന്നാല്‍ മുഴുവന്‍ നേതാക്കളെയും അണിനിരത്തി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷത്തിനെക്കാള്‍ കൂടുതല്‍ നിലനിര്‍ത്തിയ യു.ഡി.എഫിന്റെ വിജയത്തിന് തിളക്കം അല്‍പ്പം കൂടുതലാണ്.
കൂടുതല്‍ വോട്ടുപിടിക്കുമെന്ന പ്രതീക്ഷ എന്‍.ഡി.എ. നേതാക്കള്‍ക്കുണ്ടായിരുന്നെങ്കിലും ആ പ്രതീക്ഷ വിജയം കണ്ടില്ല. ഉള്ള വോട്ടുകള്‍ പോലും ഇത്തവണ അവര്‍ക്ക് ലഭിച്ചിട്ടില്ല.
Content Highlights: Great victory for Uma Thomas in Thrikkakara, historic majority and Comprehensive picture of Thrikkakkara by-election