| Monday, 27th July 2020, 5:56 pm

ഇതിനെല്ലാം കാരണം അദ്ദേഹമല്ലേ?; രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ഗൊഗോയിയെ ക്ഷണിച്ചില്ലെങ്കില്‍ അനീതിയാകുമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമി പൂജാ ചടങ്ങിന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിലെ ക്ഷണിച്ചില്ലെങ്കില്‍ വലിയ അനീതിയാകുമെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മര്യാദപുരുഷോത്തമനായ രാമന്‍ എല്ലാവരേയും ബഹുമാനിച്ചിരുന്നു. രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപനചടങ്ങ് എല്ലാവരേയും ആനന്ദിപ്പിക്കുന്നതാണ്. ഇത്തരമൊരു ചടങ്ങിന് കാരണമായ മഹത്തരമായ വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നാല്‍ അത് വലിയ അനീതിയായിരിക്കുമെന്ന് ഞാന്‍ സംഘാടകരോട് പറയുകയാണ്’, ചൗധരി പറഞ്ഞു.

നേരത്തെ സമാന ആവശ്യവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും രംഗത്തെത്തിയിരുന്നു.

‘രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നത് ശരിയായില്ല. ആഗസ്റ്റ് 5 ലെ ചടങ്ങിന് അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്’, യശ്വന്ത് സിന്‍ഹ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി സുപ്രീംകോടതി വിധിച്ചപ്പോള്‍ രഞ്ജന്‍ ഗൊഗോയിയായിരുന്നു ചീഫ് ജസ്റ്റിസ്. കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണവും ഗൊഗോയിയ്ക്ക് മേലുണ്ടായിരുന്നു.

ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ശുപാര്‍ശ ചെയ്തിരുന്നു.

സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ അധികാരഭ്രഷ്ടനാക്കിയ കേസിലും കോടതി നടപടി വിമര്‍ശനം വരുത്തിവെച്ചിരുന്നു. വനിതാജീവനക്കാരി ലൈംഗികാതിക്രമം ആരോപിച്ചപ്പോള്‍ താന്‍കൂടി അംഗമായ മൂന്നംഗബെഞ്ചുണ്ടാക്കിയാണ് രഞ്ജന്‍ ഗൊഗോയി വാദംകേട്ടത്.

അയോധ്യയിലെ ഭൂമിപൂജാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more