| Friday, 16th April 2021, 5:25 pm

'അടുക്കളയില്‍ നിമിഷ മാത്രമല്ല, എല്ലാവരുമുണ്ട്'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ മേക്കിങ് വീഡിയോ ഇറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോ ബേബി സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജനുവരി 15ന് നീസ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രത്തിന് വലിയ നിരൂപണ പ്രശംസ ഏറ്റുവാങ്ങാനായി. ഇപ്പോഴിതാ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ മേക്കിംങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.

ഷൂട്ടിനായി പലതരം ഭക്ഷണം ഉണ്ടാക്കുന്നതും രുചിച്ചു നോക്കുന്നതും സെറ്റിലെ രസകരമായ നിമിഷങ്ങളുമെല്ലാം മേക്കിങ് വീഡിയോയില്‍ കാണാം. മേക്കിങ് വീഡിയോ മികച്ചതാണെന്ന കമന്റുകളുമായി പ്രേക്ഷകരും എത്തിയിട്ടുണ്ട്.

നേരത്തേ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചിത്രത്തെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് പറഞ്ഞിരുന്നു. ചിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും സമൂഹത്തിലെ ഇത്തരം വേര്‍തിരിവുകളെ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് മാറ്റിമറിക്കാനാകില്ലെന്ന് ചിത്രം തെളിയിക്കുന്നുവെന്നുമാണ് ചന്ദ്രചൂഢ് പറഞ്ഞത്.

കൂടാതെ സിനിമയെ അഭിനന്ദിച്ചുകൊണ്ട് നടി റാണി മുഖര്‍ജിയും രംഗത്ത് വന്നിരുന്നു.
നടന്‍ പൃഥ്വിരാജിന് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് റാണി മുഖര്‍ജി സിനിമയെ പ്രകീര്‍ത്തിച്ചത്.

റാണിയുടെ മെസേജ് പൃഥ്വിരാജ്, ജിയോ ബേബിയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സിനിമ കണ്ടുവെന്നും ബ്രില്യന്റ് ആയ സിനിമയാണെന്നും റാണി പറഞ്ഞു.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും വീണ്ടുമൊന്നിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഏപ്രില്‍ 2 ന് ചിത്രം ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു.

നേരത്തെ ആമസോണ്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ചിത്രം റിലീസ് ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ചിത്രം മികച്ച പ്രതികരണവും നിരൂപകശ്രദ്ധയും നേടിയിരുന്നു. ഇതോടെ സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Great Indian Kitchen making video out

We use cookies to give you the best possible experience. Learn more