പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷ ഉയര്‍ത്തിയ ചിത്രമാണ് ജൂഡ് ആന്തണി ജോസഫിന്റെ 2018 എവരിവണ്‍ ഈസ് എ ഹീറോ. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയം സിനിമയായി വരുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. കാത്തിരിപ്പുകള്‍ക്ക് ശേഷം മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
2023ലെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് 2018 എന്നാണ് തിയേറ്ററില്‍ നിന്നും ഇറങ്ങിയ പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. ചിത്രത്തിന്റെ ബി.ജി.എമ്മുകളെല്ലാം മികച്ചതായിരുന്നുവെന്നും ഫീല്‍ഗുഡ് റൊമാന്റിക് സിനിമകള്‍ എടുത്തുകൊണ്ടിരുന്ന ജൂഡ് ആന്തണിയില്‍ നിന്നും ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞു.
സാധാരണ വി.എഫ്.എക്‌സ് രംഗങ്ങള്‍ പാളിപ്പോവാറുണ്ടെന്നും എന്നാല്‍ 2018ലെ വി.എഫ്.എക്‌സും അണ്ടര്‍വാട്ടര്‍ രംഗങ്ങളും മികച്ചതായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ട്രിബ്യൂട്ട് കൂടിയാണ് ചിത്രമെന്നും പ്രേക്ഷകര്‍ പറഞ്ഞു.
ചിത്രം ഇമോഷണലി ബാധിക്കുന്നതാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുഭവിച്ചതൊക്കെ ഓര്‍മയിലേക്ക് വന്നുവെന്നും പല പ്രേക്ഷകരും പറഞ്ഞു. 2018 കണ്ട് ബാത്ത്‌റൂമില്‍ പോയി കതകടച്ച് കരഞ്ഞ അവസ്ഥയുണ്ടായി എന്നാണ് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും കേരള സ്‌റ്റോറി 2018 എന്നായിരുന്നു ചിത്രത്തിന് പേര് കൊടുക്കേണ്ടിയിരുന്നതെന്നും ഫേസ്ബുക്കില്‍ കമന്റുകളുണ്ട്. അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും എടുത്തുപറയപ്പെടുന്നത് ആസിഫ് അലിയുടേയതും ടൊവിനോ തോമസിന്റേതുമാണ്.