ടെസ്റ്റ് ക്രിക്കറ്റിനുള്ള ഒരു പരസ്യമാണ് ഈ മത്സരം; കിവീസ് ഒരു റൺസിന് ജയിച്ച കളിയെ പ്രശംസിച്ച് ആരാധകർ
Cricket news
ടെസ്റ്റ് ക്രിക്കറ്റിനുള്ള ഒരു പരസ്യമാണ് ഈ മത്സരം; കിവീസ് ഒരു റൺസിന് ജയിച്ച കളിയെ പ്രശംസിച്ച് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th February 2023, 9:16 pm

ഇംഗ്ലണ്ട്-ന്യൂസിലാന്റ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആവേശകരമായ വിജയമായിരുന്നു കിവീസ് സ്വന്തമാക്കിയത്. ഒറ്റ റൺസിനായിരുന്നു മത്സരം ന്യൂസിലാന്റ് സ്വന്തമാക്കിയത്.

കിവീസ് ഉയർത്തിയ 258 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ടീമിന് 256 റൺസ് മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത്.
258 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ ബാറ്റിങ്‌ മികവിൽ വിജയത്തിലേക്കെത്തുമെന്ന തോന്നൽ ഉളവാക്കിയെങ്കിലും കിവീസ് ബോളിങ്‌ നിര ഇംഗ്ലണ്ടിനെ എറിഞ്ഞിടുകയായിരുന്നു.

ഇംഗ്ലണ്ട് എളുപ്പത്തില്‍ വിജയിച്ചേക്കും എന്ന് തോന്നിച്ചിടത്തുനിന്നാണ് ആന്റി ക്ലൈമാക്‌സിലൂടെ ന്യൂസിലാന്‍ഡിന്റെ രംഗപ്രവേശം. നെയ്ല്‍ ബൈറ്റിങ് ഫിനിഷിലൂടെയാണ് ന്യൂസിലാന്‍ഡ് വിജയം പിടിച്ചെടുത്തത്.

എട്ട് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 43 റണ്‍സായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സിലായിരുന്നു ടീമിന്റെ പ്രതീക്ഷ മുഴുവനും. എന്നാല്‍ വിജയത്തിന് ഏഴ് റണ്‍സകലെ 33 റണ്‍സ് നേടിയ ബെന്‍ ഫോക്‌സ് വീണു. അവസാന വിക്കറ്റായി ആന്‍ഡേഴ്‌സണ്‍ ക്രീസിലേക്ക്.

ജാക്ക് ലീച്ചും ആന്‍ഡേഴ്‌സണും ചേര്‍ന്ന് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. ആന്‍ഡേഴ്‌സണിന്റെ ബാറ്റില്‍ നിന്നും ഒരു ബൗണ്ടറി കൂടി പിറന്നതോടെ ലോകമൊന്നാകെ ബേസിന്‍ റിസര്‍വിലേക്ക് ഉറ്റുനോക്കി. എന്നാല്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ജിമ്മിയെ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ച് വാഗ്നര്‍ മടക്കിയതോടെ ന്യൂസിലാന്‍ഡിന് ഒരു റണ്‍സിന്റെ വിജയം.

നേരത്തെ ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്നാണ് ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറിയും ഓപ്പണര്‍മാരായ ടോം ലാഥം, ഡെവോണ്‍ കോണ്‍വേ ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുമാണ് കിവികള്‍ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

കെയ്ന്‍ വില്യംസണ്‍ 282 പന്ത് നേരിട്ട് 132 റണ്‍സ് നേടി. ഇതോടെ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റോസ് ടെയ്ലറുടെ റെക്കോഡ് തകര്‍ക്കാനും വില്യംസണായി.

ടോം ലാഥം 172 പന്ത് നേരിട്ട് 83 റണ്‍സ് നേടിയപ്പോള്‍ 155 പന്തില്‍ നിന്നും 61 റണ്‍സായിരുന്നു കോണ്‍വേയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ചായിരുന്നു ടോം ബ്ലണ്ടല്‍ പുറത്തായത്. 166 പന്തില്‍ നിന്നും 90 റണ്‍സായിരുന്നു താരം നേടിയത്. 55 പന്ത് നേരിട്ട മിച്ചല്‍ 54 റണ്‍സും നേടി.

എന്നാൽ ആവേശകരമായ മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ വലിയ അഭിനന്ദന പ്രവാഹമാണ് ടീമിന് സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം ലഭിക്കുന്നത്.

ഈ മത്സരം ടെസ്റ്റ് ക്രിക്കറ്റിന് നൽകാൻ പറ്റിയ നല്ല പരസ്യമാണെന്നും, ന്യൂസിലന്റ് ടീം കളിയെ ശരിക്കും ഒരു ത്രില്ലർ സിനിമയാക്കി മാറ്റിയെന്നുമൊക്കെയുള്ള കമന്റുകളാണ് കളിയുമായി ബന്ധപ്പെട്ട് ട്വിറ്ററിലടക്കം വരുന്നത്.

അതേസമയം ഈ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലാക്കാനും ന്യൂസിലാന്‍ഡിന് സാധിച്ചു.

Content Highlights:Great advertisement for Test cricket Cricket world reacts to new zealand v/s England match