| Monday, 4th July 2022, 5:29 pm

'ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ക്ക് വിരാടിനെ കാണുമ്പോള്‍ ചൊറിയാണ്'; കോഹ്‌ലിക്ക് പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിന്റെ അവസാന സെഷനിലായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മടങ്ങിയത്. വെറും 20 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റോക്‌സിന്റെ പന്തിലായിരുന്നു കോഹ്‌ലി ഔട്ടായത്.

താരം ഔട്ടായപ്പോള്‍ ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും വലിയ ഇന്നിങ്‌സ് പ്രതീക്ഷിച്ചിരുന്ന എല്ലാവര്‍ക്കും നിരാശയായിരുന്നു ഫലം. എന്നാല്‍ മുന്‍ ഇംഗ്ലണ്ട് സ്പിന്നറും കമന്റേറ്ററുമായ ഗ്രെയം സ്വാനിന്റെ അഭിപ്രായത്തില്‍ ആ പന്ത് ആര് നേരിട്ടാലും ഔട്ടാകുമായിരുന്നു എന്നാണ്.

ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ കോഹ്‌ലിയുടെ നേരെ അനാവശ്യ വിമര്‍ശനമാണുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റോക്‌സ് എറിഞ്ഞ പന്ത് ‘റിപ്‌സ്‌നോട്ടര്‍’ ഡെലിവറിയായിരുന്നുവെന്നും അത് കളിക്കാന്‍ സാധിക്കില്ലായെന്നുമാണ് സ്വാന്‍ പറഞ്ഞത്. അത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കണൊ അതോ ബാക്ക് ഫൂട്ടില്‍ കളിക്കണൊ എന്ന് ഏതൊരു ബാറ്ററിനും സംശയമുണ്ടാകുമെന്നാണ് സ്വാനിന്റെ അഭിപ്രായം.

‘നിങ്ങള്‍ക്കാവശ്യമുള്ളത് പറയാം, എനിക്ക് പ്രശ്നമില്ല, ടെസ്റ്റ് ചരിത്രത്തിന്റെ ഏത് കാലഘട്ടത്തിലെ ആര് ബാറ്റ് ചെയ്താലും ആ ഡെലിവറി നിങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനാണ്. അത് കളിക്കാന്‍ പറ്റാത്തതാണ്. അവസാനം അതൊരു ഭാഗ്യ ക്യാച്ചും കൂടെയായിരുന്നു.

‘നിങ്ങള്‍ ഫ്രണ്ട് ഫൂട്ടിലൊ ബാക്ക് ഫൂട്ടിലൊ കളിക്കാന്‍ ആഗ്രഹിച്ചാലും ആ പന്ത് ഒരു റിപ്സ്നോട്ടര്‍ ആണ്. ഒരു ഇംഗ്ലീഷ് വീക്ഷണത്തില്‍ നിന്നും ഞാന്‍ നോക്കുമ്പോള്‍, ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ വിരാടിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, അവര്‍ അദ്ദേഹത്തെ കുറിച്ച് വളരെ പരുഷമായി സംസാരിക്കുന്നു എന്ന് ഞാന്‍ എപ്പോഴും കരുതുന്നു. വിരാടിനെ സംബന്ധിച്ചിടത്തോളം നിലവാരം വളരെ ഉയര്‍ന്നതാണ്, ഇന്ന് അദ്ദേഹം വളരെ നന്നായി കളിക്കുന്നുണ്ടെന്ന് ഞാന്‍ കരുതി,” സ്വാന്‍ പറഞ്ഞു.

രണ്ടാം ഇന്നിങ്സില്‍ കോഹ്ലി തന്റെ സിഗ്നേച്ചര്‍ കവര്‍ ഡ്രൈവ് കളിച്ച് മികച്ച ടച്ചിലാണെന്ന് തോന്നിച്ചിരുന്നു. തന്റെ മികച്ച തുടക്കത്തെ ഒരു വലിയ സ്‌കോറാക്കി മാറ്റാനുള്ള ശക്തമായ നിലയിലാണെന്ന് തോന്നിയിരുന്നു. നിര്‍ഭാഗ്യവശാല്‍, വിരാടിന് അത് സാധിച്ചില്ല. സ്റ്റോക്സിന്റെ അധിക ബൗണ്‍സര്‍ തന്റെ ഔട്ടസൈഡ് എഡ്‌ജെടുത്തായിരുന്നു അദ്ദേഹം പുറത്തായത്. സാം ബില്ലിങ്‌സ് സ്റ്റമ്പിന് പിന്നില്‍ പന്ത് ക്യാച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടു, പക്ഷേ സ്ലിപ്പില്‍ നിന്ന ജോ റൂട്ട് ക്യാച്ചെടുത്ത് വിരാടിനെ പുറത്താക്കുകയായിരുന്നു.

Content Highlights: Greame Swann slams Indian Commentators for judging Virat Kohli

We use cookies to give you the best possible experience. Learn more