അയര്‍ലാന്‍ഡിനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ കുറച്ചുദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. നിരവധി യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ച പരമ്പരയില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മിന്നും ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയയെ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു.
ഐ.പി.എല്ലില്‍ ഗുജറാത്തിനായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഫിനിഷിങ് റോളില്‍ പല കളിയിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ അത്രയും പോരായിരുന്നു ഇന്ത്യന്‍ ടീമിലെത്താന്‍.
ടീമിലെടുക്കാത്തതിനെ തുടര്‍ന്ന് താരം ട്വിറ്ററില്‍ ‘പ്രതീക്ഷകള്‍ വേദനിപ്പിക്കുമെന്ന്’ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഗ്രെയിം സ്മിത്.
താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്നും ട്വിറ്ററില്‍ കുറിക്കുന്ന സമയംകൊണ്ട് പെര്‍ഫോം ചെയ്യാനും സ്മിത് തെവാട്ടിയയോട് പറഞ്ഞു.
‘വളരെയധികം കഴിവുകളുള്ള കളിക്കാര്‍ ഇന്ത്യയില്‍ ഉള്ളതിനാല്‍ ടീമില്‍ എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്. കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കണം ടീമിലെ ഭൂരിപക്ഷം ആളുകളെയും തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് ട്വിറ്ററിനുപകരം കളിയില്‍ ഫോക്കസ് ചെയ്യുക, പ്രകടനം നടത്തുക, അടുത്ത തവണ നിങ്ങളുടെ സമയം വരുമ്പോള്‍ ആര്‍ക്കും നിങ്ങളെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുക,’ സ്മിത് പറഞ്ഞു
രണ്ട് ട്വന്റി-20 അടങ്ങിയ അയര്‍ലാന്‍ഡ് പര്യടനത്തില്‍ യുവനിരയെയാണ് ഇന്ത്യ അയക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.