| Wednesday, 8th March 2023, 1:06 pm

ഞങ്ങളും ബ്ലാസ്റ്റേഴ്‌സും ഒരുമിച്ചാണെന്നറിഞ്ഞപ്പോള്‍ ആദ്യം എല്ലാവര്‍ക്കും ചിരിയാണ് വന്നത്: ബെംഗളൂരു എഫ്.സി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിലെ വിവാദ ക്വാളിഫയര്‍ മത്സരത്തിന് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി സൂപ്പര്‍ പോരാട്ടം നടക്കാനൊരുങ്ങുകയാണ്.

ഹീറോ സൂപ്പര്‍ കപ്പിലാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഒരു ഗ്രൂപ്പില്‍ ഏറ്റുമുട്ടുന്നത്. ഏപ്രില്‍ 16ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വെച്ചാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിലുള്ള പോരാട്ടം നടക്കുക.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ബെംഗളൂരു എഫ്.സി കോച്ച് സൈമണ്‍ ഗ്രേസണ്‍. സൂപ്പര്‍കപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടുകയാണെന്നറിഞ്ഞപ്പോള്‍ ആദ്യം ചിരിയാണ് തോന്നിയതെന്ന് പറയുകയായിരുന്നു ഗ്രേസണ്‍.

ആളുകള്‍ പലതും പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുമെന്നും അത് വകവെക്കാതിരുന്നാല്‍ മതിയെന്ന് താന്‍ താരങ്ങളെ ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ആദ്യം തന്നെ കുട്ടികളോട് പറഞ്ഞത് അപവാദങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പോകേണ്ട എന്നാണ്. ആളുകള്‍ പലതും പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുമെന്നും അത് വകവെക്കാന്‍ ശ്രമിക്കേണ്ടെന്നും ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ സാധിച്ചു. ഇനി ഞങ്ങളുടെ ശ്രദ്ധ മുംബൈയിലെ മത്സരത്തിലാണ്. മറ്റൊന്നും ഞങ്ങളെ ബാധിക്കാന്‍ പോകുന്നില്ല.

ഹീറോ സൂപ്പര്‍കപ്പില്‍ ഞങ്ങളും കേരള ബ്ലാസ്റ്റേഴ്‌സും ഒരുമിച്ചാണെന്ന് കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ആദ്യം ചിരിയാണ് വന്നത്. പിന്നെ, സുനില്‍ ഛേത്രിയെ സംബന്ധിച്ച് എങ്ങനെ കളിക്കണമെന്ന് അവനെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. കളിയില്‍ അനുഭവജ്ഞാനവും പരിചയ സമ്പത്തുമുള്ളയാളാണ് ഛേത്രി,’ ഗ്രേസണ്‍ പറഞ്ഞു.

വീണ്ടും ബെംഗളൂരു കേരളത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ മത്സരത്തിന് മൂര്‍ച്ച കൂടും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തെയും ബെംഗളൂരുവിനെയും കൂടാതെ നിലവിലെ ഐ.ലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയുമാണ് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെട്ട ഗ്രൂപ്പ് ‘എ’ യിലേക്ക് ഇതുവരെ യോഗ്യത നേടിയത്. ഇനി ക്വാളിഫയര്‍ ജയിച്ച് വരുന്ന ഒരു ടീം കൂടി ഗ്രൂപ്പ് എയിലേക്ക് യോഗ്യത നേടാനുണ്ട്.

16 ക്ലബ്ബുകളാണ് ഹീറോ സൂപ്പര്‍ കപ്പില്‍ പരസ്പരം മത്സരിക്കുന്നത്. ഐ.എസ്.എല്‍ കളിക്കുന്ന 11 ടീമും നിലവിലെ ഐ.ലീഗ് ചാമ്പ്യന്‍മാരും നേരിട്ട് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടും. ഐ ലീഗിലെ രണ്ട് മുതല്‍ പത്ത് വരെ സ്ഥാനത്തുള്ള ടീം ക്വാളിഫയറില്‍ പരസ്പരം ഏറ്റുമുട്ടി അതില്‍ നിന്നും യോഗ്യത നേടുന്ന അഞ്ച് ടീമുകളും പിന്നീട് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടുകയാണ് ചെയ്യുന്നത്.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും വെച്ചാണ് സൂപ്പര്‍ കപ്പ് നടത്തപ്പെടുന്നത്.

Content Highlights: Grayson Simon talking about Hero Super Cup against Kerala Blasters

We use cookies to give you the best possible experience. Learn more