| Sunday, 20th October 2024, 9:53 am

നെതന്യാഹുവിന്റെ വീടിനെതിരായ ഡ്രോണ്‍ ആക്രമണം; നിങ്ങള്‍ സ്വന്തം ശവക്കുഴി തോണ്ടിയിരിക്കുകയാണെന്ന് ഹിസ്ബുല്ലയോട് നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ പ്രതികരണവുമായി നെതന്യാഹു. തന്നെയും ഭാര്യയെയും കൊല്ലാനുള്ള ഇറാന്റെ പ്രോക്‌സി ഗ്രൂപ്പായ ഹിസ്ബുല്ലയുടെ ശ്രമം അവരുടെ തന്നെ ശവക്കുഴിയിലേക്കുള്ള മാര്‍ഗമാണെന്ന് നെതന്യാഹു പറഞ്ഞു.

ഹിസ്ബുല്ലയുടെ ഈ ആക്രമണം ഇസ്രഈലിന്റെ ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് രാജ്യത്തെ പിന്തിരിപ്പിക്കില്ലെന്ന് പറഞ്ഞ നെതന്യാഹു ഇസ്രഈല്‍ സുരക്ഷിതമാകും വരെ ആക്രമണം തുടരുമെന്നും പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഓദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഇന്നലെയാണ് (ശനിയാഴ്ച) തെക്കന്‍ ഹൈഫയിലെ സിസേറിയയിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിയുണ്ടാവുന്നത്. ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ വഴിയാണ് ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഹമാസ് തലവന്‍ യഹ്‌യ സിന്‍വറിന്റെ മരണത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്.

ലെബനനില്‍ നിന്നുള്ള രണ്ട് ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. എന്നാല്‍ മറ്റൊരു ഡ്രോണ്‍ സിസേറിയയിലെ ഒരു കെട്ടിടത്തില്‍ ഇടിക്കുകയും വലിയ സ്‌ഫോടനം ഉണ്ടാക്കുകയും ചെയ്തു. ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി സൗദി ഔട്ട്ലെറ്റ് അല്‍ ഹദത്ത് അവകാശപ്പെട്ടു. ആക്രമണത്തിനിടെ ടെല്‍ അവീവില്‍ ഉടനീളം അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

കഴിഞ്ഞ ദിവസം ഗസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച നെതന്യാഹു ഹമാസ് ആയുധം വെച്ച് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ യുദ്ധം ഉടന്‍തന്നെ അവസാനിപ്പിക്കാമെന്ന് അറിയിച്ചിരുന്നു.

അതേസമയം ഒക്ടോബര്‍ എട്ട് മുതല്‍ ഇസ്രഈല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 2,448 പേരാണ് കൊല്ലപ്പെട്ടത്. 11,471 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു.

ലെബനന് പിന്നാലെ ഗസയിലും ഇസ്രഈല്‍ ആക്രമണം ശക്തമാക്കുകയാണ്. ഇന്ന് (ഞായറാഴ്ച്ച) വടക്കന്‍ ഗസയിലെ ബെയ്ത് ലാഹിയയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. ഇനിയും നിരവധി ആളുകള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Grave mistake says Netanyahu after  drone attack at his residence

We use cookies to give you the best possible experience. Learn more