| Monday, 23rd September 2019, 5:04 pm

ഗ്രേറ്റ തന്‍ബെര്‍ഗ്; ലോകം മുഴുവന്‍ സമരാവേശം പകര്‍ന്ന് ഒരു പതിനാറുകാരി

കവിത രേണുക

ഗ്രേറ്റാ തന്‍ബെര്‍ഗ് എന്ന വിദ്യാര്‍ഥിയില്‍ തുടങ്ങിയ പ്രതിഷേധം കൊച്ചു നഗരമായ കൊച്ചിയില്‍ വരെ എത്തിനില്‍ക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അത്ര ചെറിയ പ്രശ്നമായി കാണരുത്. ലോകത്തിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു 16 കാരിയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ന് ലോകം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്.

ലിയണാര്‍ഡോ ഡി’കാപ്രിയോ തന്റെ ഓസ്‌കാര്‍ സ്വീകരണ വേദിയില്‍ സംസാരിച്ചത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചായിരുന്നു. ലോകമറിയുന്ന ഒരു നടന്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നതു പോലെയല്ല ഒരു സ്വീഡിഷ് പെണ്‍കുട്ടി തന്റെ സ്‌കൂള്‍ ബഹിഷ്‌കരിച്ച് കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമെതിരേ സംസാരിക്കുന്നത്.

ആദ്യമാദ്യം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഗ്രേറ്റയുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ പിന്നീട് ഏറ്റെടുത്തത് വിദ്യാര്‍ഥികളാണ്. ഗ്രേറ്റയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി വിദ്യാര്‍ഥികള്‍ സമരമിരുന്നു. പ്രതിഷേധിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരിക്കലും തളര്‍ന്നു പോവാതെയും വീണുപോവാതെയും ഗ്രേറ്റ പൊരുതിയത് വെറുതെയായില്ല എന്നു തെളിയിക്കുന്നതാണ് ഇന്ന് ലോകം മുഴുവന്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തിരിക്കുന്ന കാലാവസ്ഥാ വ്യതിയാന പ്രതിഷേധം.


എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂള്‍ ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്‍ിനു മുന്നിലിരുന്ന് പ്രതിഷേധിച്ചായിരുന്നു ഗ്രേറ്റയുടെ സമരം. 2018 ല്‍ തുടങ്ങിയതാണ് ഈ ഒറ്റയാള്‍ പോരാട്ടം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടയില്‍ ഗ്രേറ്റയെ നോര്‍മല്‍ അല്ലെന്നും അസ്പര്‍ഗേഴ്സ് സിന്‍ഡ്രോം എന്ന ഓട്ടിസവുമായി ബന്ധപ്പെട്ട അസുഖം ഉണ്ടെന്നും പറഞ്ഞ് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു ഒരു വിഭാഗം. എന്നാല്‍ ഗ്രേറ്റയുടെ മറുപടി ഇങ്ങനെയായിരുന്നു: എനിക്ക് അസ്പെര്‍ഗേഴ്സ് ഉണ്ട്. അതിനര്‍ഥം ചില സമയങ്ങളില്‍ ഞാന്‍ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമാണ് എന്നാണ്. വ്യത്യസ്തമാവുക എന്നത് ഒരു സൂപ്പര്‍ പവറാണ്.

ഗ്രേറ്റ 2018ലെ യു.എന്‍ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സില്‍ അഭിസംബോധനചെയ്ത് സംസാരിച്ചു. അതിനു ശേഷം ലോകത്തിന്റെ പലയിടങ്ങളിലായി ചെറിയ ചെറിയ പ്രതിഷേധങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്നു.

2019 ജൂണില്‍ ഗ്രേറ്റയെ തേടി ആംനെസ്റ്റി പുരസ്‌കാരമെത്തി. ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്.

തിങ്കളാഴ്ച ആരംഭിക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്കൊപ്പം ഗ്രേറ്റ ഉച്ചകോടിയെ അഭിസംബോധനചെയ്യും. ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരിക്കും, മുതിര്‍ന്നവര്‍ ഞങ്ങളെ കേള്‍ക്കുന്നതു വരെ എന്ന പ്രതിജ്ഞയുമായാണ് ഗ്രേറ്റയും കൂട്ടരും ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നത്.

ഉച്ചകോടിക്ക് മുന്നോടിയായി സെപ്റ്റംബര്‍ 20 ന് ലോകമൊട്ടുക്ക് നടന്ന സമരത്തില്‍ 40 ലക്ഷം കുട്ടികളാണ പഠിപ്പു മുടക്കി തെരുവിലിറങ്ങിയത്.139 രാജ്യങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ ന്യൂദല്‍ഹിയിലും വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി തെരുവിലിറങ്ങിയത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

സെപ്റ്റംബര്‍ 21 ന് തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്‌കൂള്‍ കുട്ടികള്‍ പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങി. തൃശ്ശൂരും നിലമ്പൂരും ഉടന്‍ പ്രതിഷേധ സമരങ്ങള്‍ നടക്കും. സെപ്റ്റംബര്‍ 27 വരെ പ്രക്ഷോഭങ്ങള്‍ തുടരാനാണ് പദ്ധതി.

‘വെള്ളിയാഴ്ചകള്‍ ഭാവിക്കുവേണ്ടി’ എന്ന മുദ്രാവാക്യവുമായി കുട്ടികള്‍ ഏറ്റെടുത്ത ഈ സമരം വിജയം കാണാതെ പോവില്ല. കുട്ടികള്‍ എന്നു പറഞ്ഞു മാറ്റി നിര്‍ത്തിയ കാലം കഴിഞ്ഞു. കുട്ടികള്‍ പറയുകമാത്രമല്ല, പ്രവര്‍ത്തിച്ചു കാണിക്കുക കൂടിയാണ്. ഗ്രേറ്റയിലൂടെ തുടക്കം കുറിച്ചിരിക്കുന്നത് വലിയൊരു ചരിത്രത്തിനാണ്. ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴാതിരിക്കാനും, ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുന്നത് തടയാനും, ഫാക്ടറികളില്‍ നിന്നും ഉയരുന്ന കാര്‍ബണ്‍ പുകയുടെ അളവു കുറയ്ക്കാനും തുടങ്ങി ലോക പരിസ്ഥിതിയുടെ തുലനാവസ്ഥയെ തിരിച്ചുപിടിക്കാനായി കുട്ടികള്‍ മുന്നിട്ടിറങ്ങിയ സമരം ലോകത്തിനു വേണ്ടിയുള്ളതാണ്.

WATCH THIS VIDEO:

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more