| Tuesday, 31st October 2023, 8:43 am

വീഡിയോ ഗെയിമുകളിലൂടെ കുട്ടികളില്‍ ഫലസ്തീന്‍വിരുദ്ധവികാരം കുത്തിവെക്കാന്‍ ഇസ്രഈല്‍ വിദേശകാര്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യൂറോപ്പില്‍ കുട്ടികള്‍ക്കായുള്ള വീഡിയോ ഗെയിമുകളിലൂടെ ഫലസ്തീന്‍വിരുദ്ധവികാരം ഉണ്ടാക്കുകയാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം.

റോക്കറ്റ് ആക്രമണങ്ങള്‍, സ്‌ഫോടനങ്ങള്‍, മുഖംമൂടി ധരിച്ചതോക്കുധാരികള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്രഈല്‍ അനുകൂല വീഡിയോ ആണ് ഇത്തരത്തില്‍ യൂറോപ്പിലുടനീളം വീഡിയോ ഗെയിമുകളിലൂടെ പ്രചരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇത്തരം പരസ്യ വീഡിയോകള്‍ സര്‍ക്കാര്‍ തന്നെയാണ് തയ്യാറാക്കിയത് എന്ന് ഇസ്രഈല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഡിജിറ്റല്‍ വിഭാഗം മേധാവി ഡേവിഡ് സരാംഗ സ്ഥിരീകരിച്ചു.

വീഡിയോ ഗെയിമുകള്‍ക്കുള്ളില്‍ ഇത് എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്ന് തനിക്കറിയില്ല എന്നാണ് സരാംഗയുടെ വാദം.

ലണ്ടനിലെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മരിയ ജൂലിയ കാസിസിന്റെ ആറുവയസ്സുകാരന്‍ മകന്‍ ഫോണ്‍ മേശപ്പുറത്ത് ഉപേക്ഷിച്ച് ഭയന്ന് മുറിയിലേക്ക് ഓടിപ്പോവുകയായിരുന്നു.

ഭക്ഷണം കഴിക്കുന്നതിനൊപ്പം ഫോണില്‍ പസില്‍ ഗെയിം കളിക്കുകയായിരുന്നു കുട്ടി. മരിയ ഫോണ്‍ എടുത്തുനോക്കുമ്പോള്‍ അതിന്റെ സ്‌ക്രീനില്‍ ഹമാസ് എന്ന് സൂചിപ്പിക്കുന്ന ആയുധധാരികളും ഭയചകിതരായ ഇസ്രഈല്‍ കുടുംബവുമായിരുന്നു നിറഞ്ഞുനിന്നത്.

കറുത്ത സ്‌ക്രീനില്‍ ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുമുള്ള ഒരു സന്ദേശവും കാണാമായിരുന്നു

‘ഞങ്ങളെ ഉപദ്രവിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉറപ്പാക്കും,’ സ്‌ക്രീനിലെ ഭീകരതയും ഭീഷണി സന്ദേശവും മാത്രം മതിയായിരുന്നു ഒന്നാം ക്ലാസുകാരനെ ഭയപ്പെടുത്താന്‍.
പരസ്യം മകനെ ഞെട്ടിച്ചെന്നും, ഗെയിം ഉടന്‍ ഡിലീറ്റ് ചെയ്‌തെന്നും ബ്രസീലില്‍ നിന്നുള്ള അഭിഭാഷകയായ കാസിസ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സെഗയുടെ ഉടമസ്ഥതയിലുള്ള ഡെവലപ്പര്‍ റോവിയോ നിര്‍മ്മിച്ച ജനപ്രിയ ‘ആംഗ്രി ബേര്‍ഡ്‌സ്’ ഗെയിമിനിടെയും ഇസ്രഈല്‍ അനുകൂല പരസ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങള്‍ ഗെയിമില്‍ തടസ്സമുണ്ടാക്കുന്നുവെന്ന് റോവിയോ സ്ഥിരീകരിച്ചു.

പത്തിലധികം പരസ്യ പങ്കാളികളില്‍ ആരൊക്കെയാണ് പരസ്യത്തിനൊപ്പം ഇസ്രഈല്‍ പ്രചാരണം നടത്തിയതെന്ന് റോവിയോ വക്താവ് ലോട്ട ബാക്ലന്‍ഡ് വ്യക്തമാക്കിയില്ല.
ഗസയുമായുള്ള ആക്രമണം ആരംഭിച്ചതിനുശേഷം ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കായി ഏകദേശം 1.5 മില്യണ്‍ ഡോളറാണ് ഇസ്രഈല്‍ ചെലവാക്കിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വെസ്റ്റ് ബാങ്ക് ആസ്ഥാനമായ ഫലസ്തീന്‍ ടി.വി പുറത്തിറക്കിയ ഏതാനും അറബി ഭാഷാ വീഡിയോകള്‍ അല്ലാതെ പരസ്യത്തിന് സമാനമായി ഫലസ്തീന്‍ എന്തെങ്കിലും തയ്യാറാക്കിയതായി കണ്ടെത്തിയിട്ടില്ല.

അതേസമയം ഇസ്രഈല്‍ ബോംബ് ആക്രമണത്തില്‍ തകര്‍ന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് അഭിപ്രായ രൂപവല്‍ക്കരണത്തിന് ശ്രമമുണ്ടെന്ന് ഫലസ്തീന്‍  വിദേശകാര്യമന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.

Content Highlight: Graphic Pro-Israel Ads Pop Up In Children’ Video Games In Europe

We use cookies to give you the best possible experience. Learn more