മുസ്‌ലിം ഇതര മതസ്ഥരെ മതവിദ്യാഭ്യാസം പഠിപ്പിക്കുന്ന മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കും: മധ്യപ്രദേശ് മുഖ്യമന്ത്രി
national news
മുസ്‌ലിം ഇതര മതസ്ഥരെ മതവിദ്യാഭ്യാസം പഠിപ്പിക്കുന്ന മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കും: മധ്യപ്രദേശ് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2024, 1:59 pm

 

ഭോപ്പാല്‍: ഇതര മതസ്ഥര്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്ന മദ്രസകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകള്‍ നിര്‍ത്തലാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്.

ഇതര മതസ്ഥരെ നിര്‍ബന്ധിത മത പഠനത്തിന് വിധേയമാക്കുന്ന മദ്രസകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മോഹന്‍ യാദവ് പറഞ്ഞു. ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തില്‍ ഭരണഘടന അനുച്ഛേദം 28(3) ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വന്തം വിശ്വാസത്തിന് വിരുദ്ധമായി മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കാനോ മതം പഠിക്കാനോ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്നും അത്തരത്തിലുള്ള സ്ഥാപനങ്ങളുടെ അംഗീകാരം നിര്‍ത്തലാക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ രക്ഷിതാക്കളുടെ സമ്മതപ്രകാരമല്ലാതെ മതവിദ്യാസം നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മദ്രസകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യത പരിശോധിക്കണമെന്നും പറയുന്നുണ്ട്.

ചില മദ്രസകള്‍ കൃത്രിമമായി വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ചേര്‍ത്തെന്നാരോപിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നുമാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നതിനു വേണ്ടിയാണ് ഇതരമതസ്ഥരുടെ പേരുകള്‍ മദ്രസകളില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ പറയുന്നത്.

എന്നാല്‍ പ്രസ്തുത ഉത്തരവില്‍ വിമര്‍ശനവുമായി ഭോപ്പാല്‍ എം.എല്‍.എ ആരിഫ് മസൂദ് രംഗത്തെത്തിയിട്ടുണ്ട്.’മുന്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, റാം മോഹന്‍ റോയ്, മുന്‍ഷി പ്രേംചന്ദ് എന്നിവരെല്ലാം മദ്രസയില്‍ നിന്ന് പഠിച്ചവരാണ്.

എന്തിനാണ് മദ്രസകളെ ബി.ജെ.പി ഭയപ്പെടുന്നത്. എന്തുകൊണ്ടാണ് അവര്‍ ന്യൂനപക്ഷങ്ങളെയും വിദ്യാഭ്യാസ സംവിധാനങ്ങളെയും ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും പഠിക്കാനുള്ള അവകാശം ഉണ്ട്. രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നറിയാം,’കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞു.

Content Highlight: Grants for madrasas teaching religious education to non-Muslims will be stopped: Madhya Pradesh CM