ഗുവാഹത്തി: ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റില്‍ പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അസം കോടതി.
വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ചു, കൃത്യമിര്‍വഹണത്തിന് തടസം വരുത്തി, എന്നിങ്ങനെ ‘കെട്ടിച്ചമച്ച കേസുകള്‍’ ഉണ്ടാക്കി മേവാനിയെ അറസ്റ്റ് ചെയ്തതിനാണ് പൊലീസിനെ അസമിലെ ബാര്‍പേട്ട കോടതി വിമര്‍ശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഏപ്രില്‍ 25ന് അറസ്റ്റ് ചെയ്ത മേവാനിക്ക് ഈ കേസില്‍ അസമിലെ ഒരു കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ചു എന്ന പേരില്‍ പിന്നീട് ചുമത്തപ്പെട്ട കുറ്റത്തിന് ബര്‍പേട്ട കോടതിയും കോണ്‍ഗ്രസ് നേതാവിന് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ജനാധിപത്യ സംവിധാനത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റുന്നതിനെതിരെയും കോടതി മുന്നറിയിപ്പ് നല്‍കി.
”കഷ്ടപ്പെട്ട് നമ്മള്‍ നേടിയെടുത്ത ഈ ജനാധിപത്യ സംവിധാനം ഒരു പൊലീസ് സ്റ്റേറ്റിലേക്ക് മാറുന്നത് ചിന്തിക്കാനാവുന്നില്ല.
എഫ്.ഐ.ആറിന് വിരുദ്ധമായി, മറ്റൊരു മൊഴിയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ വനിതാ കോണ്‍സ്റ്റബിള്‍ നല്‍കിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍, ജിഗ്നേഷ് മേവാനിയെ അനധികൃതമായി കൂടുതല്‍ കാലം തടങ്കലിലാക്കുക എന്ന ഉദ്ദേശത്തോടെ കെട്ടിച്ചമച്ച കേസാണിത്.
ഇത് കോടതിയുടെ നടപടികളെയും നിയമസംവിധാനത്തെയും അപമാനിക്കുന്നതിന് തുല്യമാണ്,” ബേര്‍പേട്ട കോടതി സെഷന്‍സ് ജഡ്ജി, ജസ്റ്റിസ് അപരേഷ് ചക്രവര്‍ത്തി നിരീക്ഷിച്ചു.
കേസുകളില്‍ ആരോപണവിധേയരായവരെ കസ്റ്റഡിയിലെടുക്കുമ്പോഴുള്ള നടപടിക്രമങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന്, അസം പൊലീസിന്റെ വാഹനങ്ങളില്‍ സി.സി.ടി.വി ക്യാമറയും, ബോഡി ക്യാമറയും സ്ഥാപിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിടണമെന്നും ബാര്‍പേട്ട കോടതി ആവശ്യപ്പെട്ടു.
എല്ലാ സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടികള്‍ സ്വീകരിച്ചാല്‍ ജിഗ്‌നേഷ് മേവാനി കേസിലേതു പോലെയുള്ള വ്യാജ എഫ്.ഐ.ആറുകള്‍ തടയാനാകുമെന്ന് പറഞ്ഞ ജഡ്ജി പൊലീസ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ഒരു നിത്യസംഭവമായിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരു സ്ത്രീയെ ഉപയോഗിച്ച് തനിക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ കേസ് കെട്ടിച്ചമച്ചത് ഭീരുത്വമാണെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷം ജിഗ്നേഷ് മേവാനി പ്രതികരിച്ചത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബി.ജെ.പി ഇങ്ങനെ ചെയ്യുന്നതെന്നും മേവാനി പറഞ്ഞു.
Content Highlight: Granting bail to Jignesh Mevani, Assam court says against Assam Police for ‘abusing process of court and law’ warns against police state