ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു
Big Buy
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2012, 5:33 pm

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ സമ്പൂര്‍ണമായി നെറ്റ്‌വര്‍ക്ക് ചെയ്ത ഓണ്‍ലൈന്‍ വിതരണ കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തനമാരംഭിച്ചു. ജി.കെ.എസ്.എഫില്‍ ഇതാദ്യമായാണ് ഓണ്‍ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട വിതരണകേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

മേളയില്‍ പങ്കെടുക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂപ്പണുകള്‍ നല്‍കുന്നതും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും ഓരോ ജി.കെ.എസ്.എഫ് ഓഫിസുണ്ട്. ഈ ഓഫിസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തരത്തിലാണ് എല്ലാ ജില്ലകളിലും വിതരണ കേന്ദ്രങ്ങളാരംഭിച്ചിരിക്കുന്നത്.[]

ഇവിടങ്ങളില്‍നിന്ന് ജി.കെ.എസ്.എഫിനുവേണ്ട എല്ലാ സാമഗ്രികളും ചില്ലറ വ്യാപാരികള്‍ക്ക് ശേഖരിക്കാനാവും. സംസ്ഥാനത്ത് ഇത്തരം 90 കേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. 104 ഹബ് മാനേജര്‍മാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. മുപ്പത് ലൈനുകളുള്ള കോള്‍ സെന്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. 1800-4255-2012 എന്ന സൗജന്യനമ്പരില്‍ വിളിച്ച് വ്യാപാരികള്‍ക്ക് കൂപ്പണുകള്‍ക്കും സമ്മാനങ്ങള്‍ക്കുമുള്ള ഓര്‍ഡറുകള്‍ നല്‍കാനാവും.

സാങ്കേതികവിദ്യ പൂര്‍ണമായി പ്രയോജനപ്പെടുത്തിയാണ് ഇത്തവണ ജി.കെ.എസ്.എഫ് നടത്തുന്നതെന്ന് ടൂറിസം മന്ത്രി ശ്രീ എ.പി അനില്‍കുമാര്‍ പറഞ്ഞു. വ്യാപാരികള്‍ക്ക് തടസങ്ങളില്ലാതെയുള്ള പ്രവര്‍ത്തനങ്ങളും സുഗമമായ രജിസ്‌ട്രേഷനും ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണിത്. സീസണ്‍ തുടങ്ങുന്നതിനുമുമ്പ് എല്ലാം കൃത്യമായി എല്ലായിടത്തും എത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സംവിധാനങ്ങളേര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഒരു ജില്ലയില്‍ ഒരു ഓഫിസ് മാത്രമാണ് ജി.കെ.എസ്.എഫിനുണ്ടായിരുന്നതെന്ന് ഡയറക്ടര്‍ ശ്രീ യു.വി ജോസ് പറഞ്ഞു. വ്യാപാരികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് ഓരോ പത്ത് കിലോമീറ്ററിനുള്ളിലും ഒരു ഓഫിസ് എന്ന രീതിയിലുള്ള സംവിധാനമാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളത്ത് പത്തും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഒന്‍പതും ഹബ്ബുകളുമാണ് തുടങ്ങുന്നത്. തൃശൂരില്‍ എട്ട്, കോഴിക്കോട്ടും കണ്ണൂരും ഏഴു വീതം, ആലപ്പുഴ, കോട്ടയം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ ആറു വീതം, പത്തനംതിട്ടയില്‍ അഞ്ച്, ഇടുക്കിയില്‍ നാല്, വയനാട്ടും കാസര്‍കോട്ടും മൂന്ന് എന്നിങ്ങനെയാണ്  കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്.

ഡിസംബര്‍ ആദ്യവാരംതന്നെ കൂപ്പണുകളും ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങളും ഇവിടങ്ങളിലെത്തും. രണ്ടാമത്തെ ആഴ്ചയില്‍ ഇവ രജിസ്‌ട്രേഷന്‍ നടത്തിയ വ്യാപാരികള്‍ക്കു ലഭ്യമാക്കുമെന്ന് ശ്രീ ജോസ് അറിയിച്ചു. ക്രമീകരണങ്ങളെല്ലാം ഓണ്‍ലൈനായാണ് ചെയ്യുന്നത്. കൂപ്പണുകള്‍ക്കോ സമ്മാനങ്ങള്‍ക്കോ വേണ്ടി വ്യാപാരി നല്‍കുന്ന അപേക്ഷ അപ്പോള്‍തന്നെ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ഉടന്‍തന്നെ അവ ഏറ്റവുമടുത്ത ഹബ്ബുകളിലെത്തും.

അവിടെനിന്ന്  വ്യാപാരിക്ക് അവ ശേഖരിക്കുകയും ചെയ്യാമെന്ന് ജി.കെ.എസ്.എഫ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ വി. വിജയന്‍ അറിയിച്ചു. ജി.കെ. എസ.്എഫിന്റെ സമ്മാനങ്ങളില്‍ ഏറ്റവുമധികം വരുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണുകളിലൂടെ  തത്സമയം നല്‍കുന്ന സമ്മാനങ്ങളില്‍ ഇത്തവണ കേരളത്തിന്റെ  മനോഹരമായ കരകൗശല, കൈത്തറി ഉല്പന്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളുടെ വൗച്ചറുകള്‍  ഈ കമ്പനികളുടെ പ്രാദേശിക കേന്ദ്രങ്ങളില്‍നിന്നുതന്നെ കൂപ്പണ്‍ നല്‍കി ശേഖരിക്കാന്‍ ഉപഭോക്താക്കള്‍ക്കു സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ജി.കെ. എസ്.എഫിന്റെ ആറാം സീസണ്‍ ഡിസംബര്‍ പതിനഞ്ചിന് തുടങ്ങി ജനുവരി 31-ന് അവസാനിക്കും.