| Monday, 6th May 2019, 10:09 am

പുല്‍വാമയിലെ പോളിംഗ് ബൂത്തിനു നേരെ ഗ്രനേഡ് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ പോളിങ് ബൂത്തിനു നേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലാണ് പോളിംഗ് ബൂത്തിനു നേരെ ആക്രമണം ഉണ്ടായത്. റോഹ്‌മോ മേഖലയിലെ പോളിങ് ബൂത്തിനു നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കുകളില്ല.

പുല്‍വാമയിലെ ത്രാല്‍ മേഖലയിലുള്ള ബൂത്തിലേക്ക് കല്ലേറുമുണ്ടായിരുന്നു. ജമ്മു-കശ്മീരിലെ ലഡാക്ക് മണ്ഡലത്തില്‍ കാര്‍ഗില്‍, ലേ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പുമാണ് ഇന്ന് നടക്കുക.

അതേസമയം, വോട്ടെടുപ്പ് നടക്കുന്നതിനിടെ ബംഗാളിലെ ബാരഗ്പൂരിലെ ബൂത്തിനു നേരെ ബോംബേറുണ്ടായി. സംഘര്‍ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അര്‍ജുന്‍ സിങ്ങിന് പരക്കേറ്റു. അക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

അമേഠിയിലെ ഒരു പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ രാഹുല്‍ഗാന്ധി അണ്ടര്‍പാസ് നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌ക്കരിച്ചത്.

ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയും റായ്ബറേലിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഏഴു വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

12 മണ്ഡലങ്ങള്‍ കൂടി പോളിങ് ബൂത്തില്‍ എത്തുന്നതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. പശ്ചിമബംഗാളിലെ എട്ടും മധ്യപ്രദേശിലെ ഏഴും മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിന് പുറമേ ബിഹാറിലെ അഞ്ചു സീറ്റുകളിലും ഝാര്‍ഘണ്ഡിലെ നാലു സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

We use cookies to give you the best possible experience. Learn more