ന്യൂദല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സംയുക്ത പ്രതിപക്ഷ യോഗം ജൂണ്‍ 23ന് നടക്കും. മൂന്ന് ദിവസം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ആരൊക്കെയാണ് യോഗത്തിനെത്തുന്നതെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്.
എ.ഐ.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംയുക്ത പ്രതിപക്ഷ യോഗം ജൂണ്‍ 23ന് പട്നയില്‍ നടക്കുമെന്ന് ജനതാദള്‍ (യുണൈറ്റഡ്) ബുധനാഴ്ച അറിയിച്ചു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ പിന്തുണച്ചതായും നിതീഷ് കുമാര്‍ അറിയിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ യോഗം ജൂണ്‍ 12ന് പട്നയില്‍ നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നേതാക്കളുടെ ലഭ്യതക്കുറവിനെ തുടര്‍ന്ന് യോഗം പിന്നീട് മാറ്റിവെക്കുകയായിരുന്നു. എല്ലാവരുടേയും സാന്നിധ്യം ഉറപ്പാക്കാനാണ് തീയതി നീട്ടിയത്.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ക്ഷണിച്ചതായും ഉടനെ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ.ഡി.യു അറിയിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് സംയുക്ത പ്രതിപക്ഷ യോഗത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ജെ.ഡി.യു പ്രസിഡന്റ് പറഞ്ഞു.
ആം ആദ്മി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, സി.പി.ഐ നേതാവ് ഡി. രാജ, സി.പി.ഐ.എം ദേശീയാധ്യക്ഷന്‍ സീതാറാം യെച്ചൂരി, സി.പി.ഐ. എം.എല്‍. നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നവരെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന ജെ.ഡി.യു നേതാവ് രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. ‘രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനായി ബി.ജെ.പി. മുക്ത ഭാരതമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ഏകാധിപത്യ ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇതൊരു ഒരു സുപ്രധാന മീറ്റിങ്ങാണ്. അത് നല്ല ഫലം നല്‍കും. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാനും അതിനെ ചര്‍ച്ചകളുടെ തലത്തിലേക്ക് നയിക്കാനുമാണ് ലക്ഷ്യമിടുന്നത്,’ രാജീവ് പറഞ്ഞു.
സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളെയും ഒരേ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍.ജെ.ഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദും ചേര്‍ന്ന് നടത്തുന്ന നീക്കമാണിതെന്ന് ആര്‍.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. ജനാധിപത്യം നിലനിര്‍ത്താന്‍ ഈ ഐക്യം വളരെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highights: grand Opposition party meeting to be held at patna on june 23, says JDU