തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ആറാം സീസണ്‍ ആരംഭിക്കുന്നതിന് രണ്ട് മാസത്തോളം മുമ്പുതന്നെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനം ജില്ലകളില്‍ പുരോഗമിക്കുന്നു. രജിസ്‌ട്രേഷനുള്ള ഏര്‍ളി ബേര്‍ഡ് പദ്ധതി അവസാനിക്കാന്‍ ഇനിയും രണ്ടാഴ്ചയോളമുള്ളപ്പോള്‍ ആയിരത്തില്‍പരം സ്ഥാപനങ്ങള്‍ അംഗങ്ങളായിക്കഴിഞ്ഞു. ഗോള്‍ഡ് വിഭാഗത്തില്‍ 125 സ്ഥാപനങ്ങള്‍ അംഗങ്ങളായി. []
പത്തനംതിട്ട, കാസര്‍ഗോഡ്, ആലപ്പുഴ എന്നീ ജില്ലകളില്‍ കഴിഞ്ഞ സീസണിനേക്കാള്‍ ഗോള്‍ഡ് കാറ്റഗറി അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ചു. പത്തനംതിട്ട ജില്ലയില്‍ അഞ്ചാം സീസണില്‍ പങ്കാളികളായ സ്ഥാപനങ്ങളെക്കാള്‍ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ അംഗത്വം പൂര്‍ത്തീകരിച്ചു.
ഏര്‍ളി ബേര്‍ഡ് കാലാവധിക്കുള്ളില്‍ തന്നെ 3500 ഓളം സ്ഥാപനങ്ങള്‍ അംഗത്വത്തിലേക്ക് വരുമെന്ന് പ്രതിക്ഷിക്കുന്നതായി ജി.കെ.എസ്.എഫ് ഡയരക്ടര്‍ യു.വി.ജോസ് പറഞ്ഞു. 5550 സ്ഥാപനങ്ങളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ സീസണില്‍ അത് 10,000 ആയി ഉയരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
വാഹന വ്യാപാരികള്‍, ബാങ്കുകള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിഷിങ്, വേഗത്തില്‍ വിറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വ്യാപാരികള്‍, ഹോട്ടലുകള്‍,
ജ്വല്ലറികള്‍, സ്പാകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്‌സ്റ്റൈല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ജി.കെ.എസ്.എഫില്‍ പ്രാധിനിത്യം ലഭിക്കുന്നത്.
സ്പാ മുതല്‍ വിവിധ ഇനങ്ങള്‍ക്കുള്ള ചില്ലറ വ്യാപാരികള്‍ വരെയുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധിക്കും. ജി.കെ.എസ്.എഫ് വഴി അവര്‍ക്കും പ്രയോജനം ലഭിക്കുമെന്നും ജോസ് വ്യക്തമാക്കി.
ഔട്ട് ഡോര്‍, മള്‍ട്ടിമീഡിയ പ്രചാരണങ്ങള്‍ വഴിയും നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പ്രോത്സാഹന പരിപാടി ഇതിനൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളെയും ഉള്‍പ്പെടുത്തി നടക്കുന്ന 48 ദിവസം നീണ്ടുനില്‍ക്കുന്ന മേള 3.30 കോടിഉപഭോക്താക്കളെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പങ്കെടുക്കുന്നവര്‍ക്ക് അവരുടെ പ്രശസ്തിയും പ്രചാരവും ബ്രാന്‍ഡ് മൂല്യവും ഉയരാന്‍ മികച്ച അവസരമാണ് ജി.കെ.എസ്.എഫില്‍ ലഭിക്കുന്നത്.
സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെ ബ്രാന്‍ഡ് പ്രോത്സാഹനത്തിനും മേള ഒട്ടേറെ അവസരമുണ്ടാക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ്, കോ സ്‌പോണ്‍സര്‍ഷിപ്പ്, ബ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്, ഹോളിഡേ പങ്കാളിത്തം, പരിപാടികളുടെയും ഉല്‍പന്നങ്ങളുടെയും കൂപ്പണുകളുടെയും സമ്മാനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയ്ക്കാണ് അവസരമൊരുക്കുന്നത്.
101 കിലോഗ്രാം സ്വര്‍ണം, മറ്റു സമ്മാനങ്ങള്‍, സമ്മാന വൌച്ചറുകള്‍, ജി.കെ.എസ്.എഫ് ഉല്‍പന്നങ്ങള്‍, കൂപ്പണുകള്‍ എന്നിവയാണ് സമ്മാനങ്ങളായി നല്‍കുന്നത്. ചരിത്രം തിരുത്തി 50 ലക്ഷം കൂപ്പണുകളാണ് കഴിഞ്ഞ സീസണില്‍ വിതരണം ചെയ്തത്. ഇത്തവണ അത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. വ്യവസായ വാണിജ്യ, ധനകാര്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് ടൂറിസം വകുപ്പാണ് 2007 ല്‍ ആരംഭിച്ച ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.