| Thursday, 22nd November 2018, 8:31 am

15 വയസുള്ള കൊച്ചുമകളുടെ വിവാഹം എതിര്‍ത്തു; മുത്തച്ഛനെ കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം എതിര്‍ത്തതിനു മുത്തച്ഛനെ കൊലപ്പെടുത്തി. കര്‍ണാടകയിലെ കാരേനഹള്ളിയിലാണു സംഭവം. എഴുപതുകാരനായ ഈശ്വരപ്പയാണു കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുടെ പിതാവും വരന്റെ പിതാവും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നു പൊലീസ് പറയുന്നു. മര്‍ദിച്ചും കല്ലുകൊണ്ടു തലയ്ക്കടിച്ചുമാണ് ഈശ്വരപ്പയെ കൊലപ്പെടുത്തിയിരിക്കുന്നത്.


പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം തീരുമാനിച്ചതു മുതല്‍ മകനുമായി വഴക്കിലായിരുന്നു ഈശ്വരപ്പ. 15 വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ വിവാഹം നടത്തരുതെന്ന ഈശ്വരപ്പയുടെ എതിര്‍പ്പു ശക്തമായതോടെയാണ് മകന്‍ കുമാറും വരന്റെ അച്ഛന്‍ സുബ്രഹ്മണിയും ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

കൊച്ചുമകളുടെ വിവാഹം നടത്തുന്നത്തിനെതിരെ ചൈല്‍ഡ് ലൈനിലും ഈശ്വരപ്പ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നു ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.


ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ കുമാറും സുബ്രഹ്മണിയും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും കല്ലുകൊണ്ടു പലതവണ തലയ്ക്കടിക്കുകയുമായിരുന്നു. മാരകമായി മുറിവേറ്റ ഈശ്വരപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാറിനെ പൊലീസ് അറസ്റ്റ് ചെയതു. എന്നാല്‍ വരന്റെ അച്ഛനായ സുബ്രഹ്മണി ഇപ്പോഴും ഒളിവിലാണ്.

We use cookies to give you the best possible experience. Learn more