ബി.ജെ.പിയ്‌ക്കെതിരെ അണിയറയില്‍ ഒരുങ്ങുന്നത് മഹാസഖ്യം; തുടക്കം യു.പിയില്‍
D' Election 2019
ബി.ജെ.പിയ്‌ക്കെതിരെ അണിയറയില്‍ ഒരുങ്ങുന്നത് മഹാസഖ്യം; തുടക്കം യു.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st July 2018, 9:34 am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്‌ക്കെതിരെ മഹാസഖ്യത്തിന് അരങ്ങൊരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഹകരിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി തീരുമാനമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള യു.പിയില്‍ നിന്ന് പരമാവധി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ഗോരഖ്പൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ്.പി-ബി.എസ്.പി സഖ്യം വന്‍വിജയം സ്വന്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പ്രതിപക്ഷകക്ഷികള്‍ ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പൊതുതെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ഈ ഫോര്‍മുല പരീക്ഷിക്കാനാണ് സാധ്യത. നേരത്തെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നീക്കം വിജയം കണ്ടിരുന്നു. എന്നാല്‍ പിന്നീട് നിതീഷ് കുമാറിന്റെ ജെ.ഡി.യു, എന്‍.ഡി.എയില്‍ ചേരുകയായിരുന്നു.

ALSO READ: ഞങ്ങള്‍ പലസ്തീനൊപ്പം; അഹദ് തമീമിയെ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിക്കും: നെല്‍സണ്‍ മണ്ടേലയുടെ പേരമകന്‍ മണ്ട്ല മണ്ടേല

കഴിഞ്ഞയാഴ്ച എന്‍.സി.പി നേതാവ് ശരത് പവാര്‍, മായാവതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വര്‍ഷം അവസാനം രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സീറ്റ് വിഭജനം സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മധ്യപ്രദേശില്‍ ബി.എസ്.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. സംസ്ഥാനത്തെ 230 സീറ്റുകളില്‍ ബി.എസ്.പി 50 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 30 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

എന്നാല്‍ യു.പിയില്‍ സീറ്റ് വിഭജനത്തില്‍ കുറച്ചുകൂടി ഉദാരമായ നിലപാട് സ്വീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം നില്‍ക്കുകയും ശക്തികേന്ദ്രങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുക എന്നതുമായിരിക്കും കോണ്‍ഗ്രസ് തന്ത്രം.

ALSO READ: “ഇമ്രാന്റെ ഭരണത്തോടെ പാകിസ്ഥാനില്‍ ജനാധിപത്യം വേരുറയ്ക്കപ്പെടും”; തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് നരേന്ദ്രമോദി

ജാര്‍ഖണ്ഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പ്രാദേശികപാര്‍ട്ടികളുമായുള്ള സഖ്യം കോണ്‍ഗ്രസ് തുടരും. ബിഹാറില്‍ നിതീഷ് കുമാര്‍ വിട്ടുപിരിഞ്ഞെങ്കിലും ലാലുപ്രസാദിനൊപ്പം മഹാസഖ്യത്തില്‍ നിലയുറപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ വേണമെങ്കിലും പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO: