ന്യൂദല്‍ഹി:വേതനവുമായി ബന്ധപ്പെട്ട് രാജ്യത്തെ തപാല്‍ തൊഴിലാളികള്‍ നടത്തിയിരുന്ന സമരം വിജയിച്ചു. ഗ്രാമീണ ദാക് സേവകുമാരുടെ ശമ്പളം പരിഷ്‌കരിക്കാനും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചു.
“ഗ്രാമീണ ദാക് സേവക്” എന്ന തസ്തികയയുടെ പേര് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 12,000 രൂപ കുറഞ്ഞ വേതനമായും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ 3.07 ലക്ഷം തപാല്‍ തൊഴിലാളികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
തപാല്‍ വകുപ്പിലെ തുച്ഛവരുമാനക്കാരായ GDS (Gramin Dak Sevak) ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനുള്ള, കമലേഷ് ചന്ദ്ര കമ്മറ്റി റിപ്പോര്‍ട്ടിലെ അനുകൂല ശുപാര്‍ശകള്‍ നടപ്പിലാക്കുക എന്നതായിരുന്നു തപാല്‍ ജീവനക്കാരുടെ പ്രധാനാവശ്യം. NFPE, FNPO എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് നേതൃത്വം നല്‍കിയത്. ഇവര്‍ മേഖലയിലെ പ്രമുഖ സംഘടനകള്‍ ആയതു കൊണ്ട് തന്നെ ഭൂരിഭാഗം തൊഴിലാളികളും പണിമുടക്കുമായി സഹകരിച്ചിരുന്നു.
2016 ജനുവരി ഒന്നുമുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോഴും തപാല്‍ വകുപ്പിലെ രണ്ടര ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് തപാല്‍-ആര്‍.എം.എസ് ജീവനക്കാര്‍ ഒന്നടങ്കം അനിശ്ചിതകാല സമരം എന്ന തീരുമാനത്തിലേക്ക് നീങ്ങിയത്
തപാല്‍ സമരത്തിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് എത്തിച്ചേരേണ്ടിയിരുന്ന തപാല്‍ വോട്ടുകളില്‍ ഭൂരിഭാഗവും എത്തിയിരുന്നില്ല.
ആകെ 797 പോസ്റ്റല്‍ വോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇവയില്‍ 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് തിരികെയെത്തിയത്.