ദുബായ്: സാംസ്‌കാരിക സംഘടനയായ ഗ്രാമം യു.എ.ഇയുടെ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ സഗീഷ് വട്ടക്കണ്ടിയില്‍ അന്തരിച്ചു. വടകര മടപ്പള്ളി സ്വദേശിയായ സഗീഷ് ദുബായില്‍ വെച്ചാണ് മരണപ്പെട്ടത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വ്യാഴാഴ്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുപ്പത്തഞ്ച് വയസായിരുന്നു.
ബര്‍ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ 10 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്ന സഗീഷ് നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു. ആര്‍.എം.പി.ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സഗീഷ്.
സഗീഷിന്റെ മരണത്തെ ഏറെ ഞെട്ടലോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. ഞായറാഴ്ച നാട്ടിലെത്തിച്ച സഗീഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു സംസ്‌കരിച്ചത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും സഗീഷിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഏറെ നാളായുള്ള ആഗ്രഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് സഗീഷിന്റെ വിയോഗമെന്നതും കുടുംബാംഗങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത വേദനയാണ്.
ഒരു വര്‍ഷം മുമ്പ് അവധിക്ക് നാട്ടിലെത്തിയ സഗീഷ് വരുന്ന ഏപ്രിലില്‍ പുതിയ വീടിന്റെ പണി പൂര്‍ത്തിയാക്കി മാറിതാമസിക്കാമെന്ന സ്വപ്‌നത്തോടെയായിരുന്നു ദുബായിലേക്ക് തിരിച്ചുകയറിയത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മരണം ആ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി.
ഓട്ടോ ഡ്രൈവറായ സത്യന്റെയും ഉഷയുടെയും മകനാണ് സഗീഷ്. രമ്യയാണ് ഭാര്യ. മകന്‍ രേവഗുപ്ത്.