റൊണാള്‍ഡോ സൗദിയില്‍ പോയില്ലായിരുന്നെകില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പഴയ പ്രതാപത്തിലെത്തുമായിരുന്നു; മുന്‍ താരം
Football
റൊണാള്‍ഡോ സൗദിയില്‍ പോയില്ലായിരുന്നെകില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പഴയ പ്രതാപത്തിലെത്തുമായിരുന്നു; മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd January 2024, 4:16 pm

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലേക്ക് പോവാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്നെ തുടരുകയാണെങ്കില്‍ യുണൈറ്റഡ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ സ്‌കോട്ടിഷ് താരമായ ഗ്രേം സൗനെസ്.

‘പരിശീലന സമയങ്ങള്‍, പരിശീലിക്കുന്ന രീതി, ജീവിത രീതി എന്നിവയില്‍ റൊണാള്‍ഡോ ഒരു പ്രൊഫഷണല്‍ ആണ് എന്നതില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. യുണൈറ്റഡ് അവനെ നിലനിര്‍ത്തേണ്ടതായിരുന്നു.

ഇതാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. കാരണം അവനിപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് അതുകൊണ്ടുതന്നെ ഇപ്പോഴുള്ള താരങ്ങള്‍ അവനെപോലെ മികച്ച പ്രകടനം നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവനിപ്പോള്‍ ടീമില്‍ ഉണ്ടായിരുന്നുവെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ച മുന്നേറ്റം നടത്തുമായിരുന്നു. ഗ്രേം സൗനെസ് ടോക്ക് സ്പോര്‍ടിലൂടെ പറഞ്ഞു.

2021ല്‍ യുവന്റസില്‍ നിന്നുമാണ് റൊണാള്‍ഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയത്. ഓള്‍ഡ് ട്രാഫോഡില്‍ ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു.

ആദ്യ സീസണില്‍ 27 ഗോളുകളാണ് റൊണാള്‍ഡോ റെഡ് ഡെവിള്‍സിനായി നേടിയത്. എന്നാല്‍ ടെന്‍ ഹാഗിന്റെ വരവോടുകൂടി റൊണാള്‍ഡോക്ക് മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്ലെയിങ് ഇലവനില്‍ താരതമ്യേന അവസരം കുറഞ്ഞു. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് ചേക്കേറിയത്.

അല്‍ നസറിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ഇതിനോടകം 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഈ 38കാരന്‍ നേടിയത്.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ 21 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവുമായി നിന്നും രണ്ട് സമനിലയും ഒമ്പത് തോല്‍വിയും അടക്കം 32 പോയിന്റുമായി എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

Content Highlight: Graeme Souness talks about Cristaino Ronaldo.