| Thursday, 21st May 2020, 6:39 pm

കൊവിഡിന് ശേഷം ക്രിക്കറ്റിനെ നയിക്കാന്‍ ചില്ലറക്കാരന്‍ പോര; ഗാംഗുലിയെ ഐ.സി.സി അധ്യക്ഷനാക്കണമെന്ന് ഗ്രെയിം സ്മിത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ജോഹന്നാസ്ബര്‍ഗ്: കൊവിഡിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ നയിക്കാന്‍ ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയാണ് യോഗ്യനെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ടീം ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്.

കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ക്രിക്കറ്റ് ലോകത്തിന് ശക്തനായ നേതാവിനെയാണ് ആവശ്യമെന്നും സ്മിത്ത് പറഞ്ഞു.

‘ഐ.സി.സിയുടെ നേതൃസ്ഥാനത്ത് യോഗ്യനായ ഒരാള്‍ എത്തണമെന്നത് പരമപ്രധാനമാണ്. ആധുനിക ക്രിക്കറ്റുമായി ചേര്‍ന്ന് നില്‍ക്കുന്ന ആളായിരിക്കണം അത്. ഗാംഗുലിയെ പോലൊരാള്‍ ആ സ്ഥാനത്തെത്തുന്നത് മഹത്തരമായിരിക്കും. അത് കളിയ്ക്ക് നല്ലതായിരിക്കും. അദ്ദേഹത്തിന് കളിയെ മനസിലാക്കാന്‍ പറ്റും’, സ്മിത്ത് പറഞ്ഞു.

നേരത്തെ ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ഗോവറും ഗാംഗുലിയെ ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

നിലവില്‍ ഇന്ത്യാക്കാരന്‍ തന്നെയായ ശശാങ്ക് മനോഹറാണ് ഐ.സി.സി അധ്യക്ഷന്‍. മേയ് അവസാനമാണ് ശശാങ്ക് മനോഹറിന്റെ കാലാവധി അവസാനിക്കുന്നത്. താന്‍ ഇനി മത്സരിക്കില്ലെന്ന് മനോഹര്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more