ഒരു മാറ്റവുമില്ല, മൂന്ന് കളിയിലെ അതേപോലെ തന്നെ; ഗുജറാത്തിനെ അടിച്ചുതകര്‍ത്ത് ഓസീസ് പോരാളി
Cricket
ഒരു മാറ്റവുമില്ല, മൂന്ന് കളിയിലെ അതേപോലെ തന്നെ; ഗുജറാത്തിനെ അടിച്ചുതകര്‍ത്ത് ഓസീസ് പോരാളി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2024, 11:02 pm

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ യു.പി വാറിയേഴ്‌സിന് തകര്‍പ്പന്‍ വിജയം. ഗുജറാത്ത് ജയന്റ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് യു.പി പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഭാവിയേഴ്സിനായി ഗ്രേസ് ഹാരിസ് 33 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും രണ്ട് കൂറ്റന്‍ സിക്‌സുമാണ് ഹാരിസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 181.82 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഗുജറാത്തിനെതിരെയുള്ള കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗ്രേസ് ഹാരിസ് അര്‍ധസഞ്ചറി നേടിയെന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനുമുമ്പ് ഗുജറാത്തിനെതിരെ നടന്ന മത്സരങ്ങളില്‍ 41 പന്തില്‍ 72 റണ്‍സും 26 പന്തില്‍ പുറത്താവാതെ 59 റണ്‍സും നേടിക്കൊണ്ടായിരുന്നു ഹാരിസിന്റെ തകര്‍പ്പന്‍ പ്രകടനം.

മത്സരത്തില്‍ ടോസ് നേടിയ യു.പി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. ഗുജറാത്ത് ബാറ്റിങ്ങില്‍ ഫോയിബേ ലിച്ചുഫീല്‍ഡ് 26 പന്തില്‍ 35 റണ്‍സും അഷ്ലീഹ് ഗാര്‍ഡ്‌നര്‍ 17 പന്തില്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

വാറിയേഴ്‌സ് ബൗളിങ് നിരയില്‍ സോഫി എക്കല്‍സ്റ്റോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ യു.പി 15.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഗ്രേസ് ഹാരിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം ക്യാപ്റ്റന്‍ അലീസെ ഹീലി 21 പന്തില്‍ 33 മൂന്ന് റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ യു.പി തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും രണ്ടു തോല്‍വിയുമായി നാലു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് യു.പി.

മാര്‍ച്ച് നാലിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് വാറിയേഴ്‌സിന്റെ അടുത്ത മത്സരം.

Content Highlight: Grace Harris great performance in WPL