Film News
ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്ന് പറയുമ്പോള്‍ കൊള്ളും, ബസ് കേറി സെറ്റില്‍ പോയി, കുടുസ് മുറിയിലാണ് താമസിച്ചത്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 25, 04:02 pm
Wednesday, 25th January 2023, 9:32 pm

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങിയിലെ സെറ്റ് മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്നും അവിടെ വെച്ചാണ് തനിക്ക് ടീം വര്‍ക്ക് എന്താണെന്ന് മനസിലായതെന്നും ഗ്രേസ് പറഞ്ഞു. തുടക്കകാലത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങളും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറഞ്ഞു.

‘കുമ്പളങ്ങിയിലേത് പോലെ ഒരു ടീമില്‍ ഞാന്‍ ആദ്യമായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. ഒരു ആര്‍ട്ട് ഫോം ക്രിയേറ്റ് ചെയ്യുമ്പോള്‍ നമ്മള്‍ ഒറ്റക്ക് നിന്നാല്‍ അത് അത്ര ബ്യൂട്ടിഫുളായി ക്രിയേറ്റ് ചെയ്യാന്‍ പറ്റില്ല. റിസള്‍ട്ട് മനോഹരമാകണമെങ്കില്‍ ഒരുമിച്ച് വിചാരിച്ചാലേ നടക്കുകയുള്ളൂ.

ടീം വര്‍ക്ക് എന്താണെന്ന് അറിഞ്ഞതും അങ്ങനെ ഒരു ടീമില്‍ എനിക്ക് ജോയിന്‍ ചെയ്യാന്‍ പറ്റുമെന്ന് അറിഞ്ഞതും കുമ്പളങ്ങിയില്‍ നിന്നാണ്. കാരണം അവിടെ വര്‍ക്ക് ചെയ്യുന്ന എല്ലാ ആര്‍ട്ടിസ്റ്റുകളേയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നതും ഒരുപോലെയാണ് അവരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതും. അവരെല്ലാം റിസള്‍ട്ടിന് വേണ്ടി ഒരുപോലെ പെര്‍ഫോം ചെയ്യുകയാണ്. അതിന് മുമ്പേ ചെറിയ ക്യാരക്ടേഴ്‌സിനെയാണ് ഞാന്‍ ചെയ്തിട്ടുള്ളത്.

ഒരു ഹയറാര്‍ക്കി ഉണ്ട്. പക്ഷേ കുമ്പളങ്ങിയുടെ സെറ്റില്‍ എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. സെറ്റില്‍ പോകാന്‍ ഇഷ്ടമാണ്. മറ്റേത് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സീനിയര്‍ ആര്‍ട്ടിസ്റ്റ്, മറ്റേ ആര്‍ട്ടിസ്റ്റ് മറിച്ച ആര്‍ട്ടിസ്റ്റ് അങ്ങനെ ഒരു ലെവല്‍ ഓഫ് ലേബല്‍സാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് എങ്ങനെ ഫീല്‍ ചെയ്യുമെന്ന് എനിക്ക് നല്ലപോലെ അറിയാം.

ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമകളിലൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വന്നു, അതൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് എന്ന് പറയുമ്പോള്‍ എനിക്കത് കൊള്ളും. കാരണം ഞാന്‍ അങ്ങനെ നിന്നിട്ടുണ്ട്. വണ്ടി ഒന്നുമില്ലാതെ നമ്മള്‍ ബസ് കേറി പോയത്, ഒരു കുടുസ് മുറി തന്നത് ഒക്കെ നിനക്ക് ഓര്‍മ ഉണ്ടോ എന്ന് അമ്മ ഇടക്ക് ചോദിക്കും. അത് ഏത് സിനിമ ആണെന്ന് ഞാന്‍ പറയുന്നില്ല. ഇപ്പോള്‍ സ്‌റ്റേ ചെയ്യുന്ന ഹോട്ടല്‍സ് കാണുമ്പോള്‍ അവര്‍ക്കാണ് അതിശയം. ഞാന്‍ വളര്‍ന്നതിന് അപ്പുറം ഇതൊക്കെ കാണാന്‍ അവരുണ്ടല്ലോ എന്നതാണ് എന്റെ സന്തോഷം,’ ഗ്രേസ് പറഞ്ഞു.

Content Highlight: grace antony talks about the difficulties of being a junior artist