തടിയാ എന്നാണ് ടീച്ചര്‍ വിളിക്കുന്നതെന്ന് ചേച്ചിയുടെ മകന്‍ പറഞ്ഞു, ആ ടിച്ചറിന്റെ നമ്പറിങ്ങ് തരാനാണ് ഞാന്‍ പറഞ്ഞത്: ഗ്രേസ് ആന്റണി
Film News
തടിയാ എന്നാണ് ടീച്ചര്‍ വിളിക്കുന്നതെന്ന് ചേച്ചിയുടെ മകന്‍ പറഞ്ഞു, ആ ടിച്ചറിന്റെ നമ്പറിങ്ങ് തരാനാണ് ഞാന്‍ പറഞ്ഞത്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th February 2023, 4:36 pm

ബോഡി ഷെയ്മിങ്ങിനെ കുറിച്ച് ഇപ്പോഴും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അറിവില്ലെന്ന് നടി ഗ്രേസ് ആന്റണി. തന്റെ സഹോദരിയുടെ മകന് സ്‌കൂളില്‍ നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടാണ് ബോഡി ഷെയ്മിങ്ങിനെ പറ്റി ഗ്രേസ് സംസാരിച്ചത്. അധ്യാപികയുടെ നമ്പര്‍ ചോദിച്ചെന്നും അവര്‍ എത്ര വലിയ തെറ്റാണ് ചെയ്യുന്നതെന്ന് താന്‍ വിവരിച്ചുകൊടുക്കാമെന്ന് പറഞ്ഞെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറഞ്ഞു.

‘എന്റെ ചേച്ചിയുടെ മോന് അഞ്ച് വയസേ ഉള്ളൂ. അവന് അത്യാവശ്യം വണ്ണമുണ്ട്. അവരുടെ ഫാമിലി പൊതുവേ അങ്ങനെയാണ്. അവനെ സ്‌കൂളിലെ ടീച്ചര്‍ വിളിക്കുന്നത് തടിയാ എന്നാണ്. ഒരു ദിവസം അവന്‍ വീട്ടില്‍ വന്നപ്പോള്‍ സ്‌കൂളില്‍ ടീച്ചര്‍ എന്താണ് വിളിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഹിഗ്വിന്‍ സാവിയോ എന്നാണ് അവന്റെ പേര്. എന്റെ പേര് വലുതാണ്, അതുകൊണ്ട് ടീച്ചര്‍ എന്നെ തടിയാ എന്നാണ് വിളിക്കുന്നതെന്ന് അവന്‍ പറഞ്ഞു. ഹിഗ്വിന്‍ സാവിയോ വലിയ പേരല്ലേ, തടിയാ എന്നേ ഞാന്‍ നിന്നെ വിളിക്കുകയുള്ളൂ എന്ന് ടീച്ചര്‍ അവനോട് പറഞ്ഞിട്ടുണ്ടാവാം.

ഇത് സ്‌കൂളില്‍ പോയി ടീച്ചറോട് പറയണം എന്ന് ഞാന്‍ ചേച്ചിയോട് പറഞ്ഞു. അല്ലെങ്കില്‍ ആ ടീച്ചറിന്റെ നമ്പര്‍ എനിക്ക് താ, ഞാന്‍ ആ ടീച്ചറിനോട് സംസാരിക്കാം, നിങ്ങളെന്ത് വലിയ മിസ്‌റ്റേക്കാണ് ആ കുട്ടിയോട് ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞു. കാരണം അത് എങ്ങനെ ഫീല്‍ ചെയ്യുമെന്ന് എനിക്കറിയാം. ആ കുഞ്ഞിന് എന്തറിയാം? ഇപ്പോഴും പേരന്റ്‌സും ടീച്ചേഴ്‌സും ചെയ്തുകൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്,’ ഗ്രേസ് പറഞ്ഞു.

തന്റെ കുട്ടിക്കാലത്ത് നേരിട്ട ഇത്തരം അനുഭവങ്ങളും ഗ്രേസ് അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ എന്നെ കുട്ടികള്‍ ബെഞ്ചില്‍ പോലും ഇരുത്തില്ലായിരുന്നു. നാടകം പ്രാക്ടീസ് ചെയ്ത് വരുമ്പോഴേക്കും ഏകദേശം ഒരു പിരിയഡ് ഒക്കെ കഴിഞ്ഞിട്ടുണ്ടാകും. തിരിച്ച് ക്ലാസില്‍ വരുമ്പോള്‍ നാലുപേരെയാണ് ബെഞ്ചില്‍ കാണുക. സ്ഥലമില്ലെന്ന് പറഞ്ഞ് അടുത്ത് ഇരുത്തില്ല.

അത്തരത്തില്‍ പല അവഗണനകളും ചെറുപ്പത്തില്‍ ഞാന്‍ ഫേസ് ചെയ്തിട്ടുണ്ട്. ഭരതനാട്യം ക്ലാസില്‍ വെച്ച് ഞാന്‍ കളിക്കുന്ന ഇടത്തെ ടൈല്‍ പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞിട്ട് എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയും ടീച്ചര്‍ എന്നെ മാറ്റി നിര്‍ത്തുകയും ചെയ്തു.

അന്ന് വളരെ മോശമായിട്ടാണ് ടീച്ചര്‍ എന്നോട് പെരുമാറിയത്. ആ ഭരതനാട്യം ക്ലാസ് വിട്ട് വേറെ ഒരു ഭരതനാട്യം ക്ലാസില്‍ ഞാന്‍ പോയി ചേര്‍ന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തൊട്ട് ഇതൊക്കെ ഞാന്‍ ഫേസ് ചെയ്യുന്നുണ്ട്. അപ്പോഴും എന്തൊക്കെയോ മുന്നോട്ടേക്ക് എന്നെ പിടിച്ച് നിര്‍ത്തുന്നുണ്ടായിരുന്നു,’ ഗ്രേസ് പറഞ്ഞു.

Content Highlight: grace antony talks about the body shaming experience faced by her niese