ഹാപ്പി വെഡിങ്‌സ് എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് ചിത്രത്തിലെ സിമ്മി എന്ന കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്.
തുടര്‍ന്ന് മമ്മൂട്ടിയോടൊപ്പം റോഷാക്ക്, നിവിന്‍ പോളിയോടൊപ്പം കനകം കാമിനി കലഹം തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സ് വന്നതോടെയാണ് തനിക്ക് വലിയ ജനപ്രീതി ലഭിച്ചതെന്ന് പറയുകയാണ് ഗ്രേസ് ആന്റണി.
ആ സിനിമ ആദ്യ വിളിയില്‍ത്തന്നെ താന്‍ ഓക്കെ പറഞ്ഞ സിനിമയാണെന്നും തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനില്‍ ഉണ്ടായ വിശ്വാസമാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് തന്നെ എത്തിച്ചതെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഓരോ പുതിയ സിനിമ വരുമ്പോഴും ഞാന്‍ ആദ്യം നോക്കുന്നത് അതിന്റെ ടീമിനെയാണ്. കാരണം സംവിധായകന്റെ പേര് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം ആദ്യ പരിഗണനയാണ്. രണ്ടാമതായി ആ സിനിമ നല്ല രീതിയില്‍ ചെയ്യാന്‍ പറ്റുന്ന നിര്‍മാതാവാണോ എന്നുനോക്കും.
ഈ രണ്ടുകാര്യങ്ങളും ഓക്കെയാണെങ്കില്‍ മാത്രമാണ് കഥ കേള്‍ക്കുക. റിലീസ് ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം. അല്ലാതെ പെട്ടിയിലായിപ്പോകുന്നവ ചെയ്യാനില്ല. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ സീറ്റിലിരുന്നാണ് ചിന്തിക്കുക.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഹാപ്പി വെഡിങ്ങിലൂടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുമ്പളങ്ങി നൈറ്റ്‌സ് വന്നതോടെ വലിയ ജനപ്രീതി കിട്ടി.
കുമ്പളങ്ങി നൈറ്റ്‌സ് ആദ്യ വിളിയില്‍ത്തന്നെ ഞാന്‍ ഓക്കെ പറഞ്ഞ സിനിമയാണ്. കഥയൊന്നും കേട്ടിരുന്നില്ല. ഹാപ്പി വെഡിങ് കണ്ടാണ് തിരക്കഥാകൃത്തായ ശ്യാമേട്ടന്‍ (ശ്യാം പുഷ്‌കരന്‍) എന്നെ വിളിക്കുന്നത്. ആ ഒരാളില്‍ ഉണ്ടായ വിശ്വാസമാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് എന്നെ എത്തിച്ചത്,’ ഗ്രേസ് ആന്റണി പറയുന്നു.
Content Highlight: Grace Antony Talks About Kumbalangi Nights And Shyam Pushkaran