ആദ്യത്തെ ഓഡിഷന് പോയ അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. വലിയ ഹാളില്‍ നടന്ന ഓഡിഷനില്‍ പാട്ട് പാടാനാണ് ആവശ്യപ്പെട്ടതെന്നും എല്ലാവരും നന്നായി പാടിയപ്പോള്‍ താന്‍ നല്ല വെറുപ്പിച്ചാണ് പാടിയതെന്നും ഗ്രേസ് പറഞ്ഞു. നായികക്കായി നടന്ന ഓഡിഷനില്‍ നിന്നും തന്നെ തെരഞ്ഞെടുത്തെങ്കിലും ക്യാരക്ടര്‍ റോളിലേക്കാണ് വിളിച്ചതെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറഞ്ഞു.
‘വലിയൊരു ഹാളിലായിരുന്നു ഓഡിഷന്‍. അമ്പതോളം കുട്ടികളുണ്ടായിരുന്നു. എല്ലാവരും പേരന്റ്‌സിനൊപ്പമാണ് വന്നിരിക്കുന്നത്. ചെയ്തുകാണിക്കേണ്ട രംഗത്തിന്റെ സ്‌ക്രിപ്റ്റ് തന്നു. പാട്ട് പാടി അഭിനയിക്കണം. എല്ലാവരും നന്നായി പാടാന്‍ ശ്രമിക്കുകയാണ്. അവിടെ പോയി നന്നായി പാടി കഴിഞ്ഞാല്‍ ശരിയാവില്ല എന്ന് എനിക്ക് മനസിലായി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. ആ ചെറിയ പ്രായത്തില്‍ അതൊക്കെ എങ്ങനെ മനസില്‍ വന്നു എന്നറിയില്ല.
എന്റെ പപ്പ സൈഡില്‍ മാറി നിന്ന് എല്ലാം ആസ്വദിക്കുന്നുണ്ട്. എല്ലാ കുട്ടികളും നന്നായി പാടുന്നത് കണ്ട് അവരുടെ പേരന്റ്‌സ് ആസ്വദിക്കുന്നുണ്ട്. എവിടെയും ചിരി കാണുന്നില്ല. ഞാന്‍ കേറി നല്ല വെറുപ്പിച്ച് പാടി. എല്ലാവരും ചിരിക്കാന്‍ തുടങ്ങി. എനിക്ക് കോമഡി ചെയ്യാന്‍ പറ്റും, കോമഡി ചെയ്താല്‍ ആളുകള്‍ ചിരിക്കും എന്നൊക്കെ ചെറുതായി തോന്നിതുടങ്ങിയത് ഇവിടെ നിന്നുമാണ്.
അവര്‍ ഒരു പാട്ട് കൂടി പാടാന്‍ പറഞ്ഞു. അവിടെ വേറെ ആരോടും അത് ചോദിച്ചില്ല, എന്നോട് മാത്രമേ അങ്ങനെ ചോദിച്ചുള്ളൂ. വീണ്ടും ഒരു പാട്ട് പാടി. അതും നന്നായി വെറുപ്പിച്ചു. അതുകഴിഞ്ഞ് തിരിച്ചുപോന്നു.
നായികക്കുള്ള ഓഡിഷനായിരുന്നു അത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വിളിച്ച് സെലക്ടായി എന്ന് പറഞ്ഞു. നായികയായി, സിനിമയില്‍ നടിയായി എന്ന് ഞാന്‍ വിചാരിച്ചു. നായികയാകാനുള്ള ലുക്കും ഗ്ലാമറും ഫിസിക്കുമൊന്നും ഗ്രേസിനില്ല, അതുകൊണ്ട് ഒരു ക്യാരക്ടര്‍ റോളാണെന്ന് അവര്‍ പറഞ്ഞു. അന്ന് കേട്ടപ്പോള്‍ സങ്കടം തോന്നി, പക്ഷേ ഇപ്പോള്‍ എനിക്കതില്‍ പ്രശ്‌നമില്ല. ഓക്കെ ചേട്ടാ കുഴപ്പമില്ല, ഞാന്‍ വന്ന് അഭിനയിക്കാം എന്ന് പറഞ്ഞു. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയുടെ കാര്യമാണ് ഞാന്‍ പറയുന്നത്. അങ്ങനെ അതില്‍ അഭിനയിച്ചു. പിന്നെ എനിക്കങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല,’ ഗ്രേസ് പറഞ്ഞു.
Content Highlight: grace antony talks about her first audition