കുമ്പളങ്ങി നൈറ്റ്‌സ് കഥപോലും കേള്‍ക്കാതെ ചെയ്യാമെന്ന് തീരുമാനിച്ചത് അദ്ദേഹത്തില്‍ ഉള്ള വിശ്വാസത്തിലാണ്: ഗ്രേസ് ആന്റണി
Entertainment
കുമ്പളങ്ങി നൈറ്റ്‌സ് കഥപോലും കേള്‍ക്കാതെ ചെയ്യാമെന്ന് തീരുമാനിച്ചത് അദ്ദേഹത്തില്‍ ഉള്ള വിശ്വാസത്തിലാണ്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th September 2024, 3:43 pm

ഹാപ്പി വെഡിങ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ജീത്തു ജോസഫ് ചിത്രം നുണക്കുഴിയിലും മികച്ച പ്രകടനം ഗ്രേസ് കാഴ്ച്ചവെച്ചിരുന്നു.

പുതിയ സിനിമ വരുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് ടീമിനെയാണെന്നും സംവിധായകന്റെ പേരുകേള്‍ക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം ആദ്യപരിഗണനയാണെന്നും ഗ്രേസ് ആന്റണി പറയുന്നു. സിനിമ നല്ലരീതിയില്‍ ചെയ്യാന്‍ പറ്റുന്ന നിര്‍മാതാവാണോ എന്നതാണ് രണ്ടാമത് നോക്കുന്ന കാര്യമെന്നും ഈ രണ്ടുകാര്യങ്ങളും ഓക്കെയാണെങ്കില്‍ മാത്രമാണ് കഥ കേള്‍ക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പെട്ടിയിലായിപ്പോകുന്ന സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ലെന്നും റിലീസ് ആകുന്ന സിനിമ ചെയ്യാനാണ് ഇഷ്ടമെന്നും ഗ്രേസ് പറയുന്നു. കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ സീറ്റിലിരുന്നാണ് ചിന്തിക്കുകയെന്നും കുമ്പളങ്ങി നൈറ്റ്‌സിന്റെ കഥയൊന്നും കേട്ടിരുന്നില്ലെന്നും പറഞ്ഞ ഗ്രേസ് കുമ്പളങ്ങി നൈറ്റിസിന്റെ എഴുത്തുകാരനായ ശ്യാം പുഷ്‌കരനില്‍ ഉണ്ടായ വിശ്വാസത്തിന്റെ പുറത്താണ് ആ ചിത്രം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ്.

‘ഓരോ പുതിയ സിനിമ വരുമ്പോഴും ആദ്യം നോക്കുന്നത് അതിന്റെ ടീമിനെയാണ്. സംവിധായകന്റെ പേരുകേള്‍ക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം ആദ്യപരിഗണനയാണ്. രണ്ടാമത്, ഈ സിനിമ നല്ലരീതിയില്‍ ചെയ്യാന്‍ പറ്റുന്ന നിര്‍മാതാവാണോ എന്നുനോക്കും. ഈ രണ്ടുകാര്യങ്ങളും ഓക്കെയാണെങ്കില്‍ മാത്രമാണ് കഥ കേള്‍ക്കുക.

റിലീസ് ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം. അല്ലാതെ, പെട്ടിയിലായിപ്പോകുന്നവ ചെയ്യാനില്ല. കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ സീറ്റിലിരുന്നാണ് ചിന്തിക്കുക. പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന, അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ഹാപ്പി വെഡ്ഡിങ്ങിലൂടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് ‘കുമ്പളങ്ങി’ വന്നതോടെ വലിയ ജനപ്രീതി കിട്ടി. കുമ്പളങ്ങി നൈറ്റ്‌സില്‍ കഥയൊന്നും കേട്ടിരുന്നില്ല. ഹാപ്പി വെഡ്ഡിങ് കണ്ടാണ് തിരക്കഥാകൃത്തായ ശ്യാമേട്ടന്‍ (ശ്യാം പുഷ്‌കരന്‍) എന്നെ വിളിക്കുന്നത്. ആ ഒരാളില്‍ ഉണ്ടായ വിശ്വാസമാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്കെത്തിച്ചത്,’ ഗ്രേസ് ആന്റണി പറയുന്നു.

Content Highlight: Grace Antony Talks About Her Choice Of Films And Kumbalangi Nights