|

ആ നടന്‍ വളരെ പ്രൊഫഷണല്‍; കുമ്പളങ്ങി നൈറ്റ്‌സിന്റെ സെറ്റില്‍ ക്യാരക്ടറായാണ് നിന്നത്: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാപ്പി വെഡിങ്സ് എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് ചിത്രത്തിലെ സിമി എന്ന കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്.

തുടര്‍ന്ന് മമ്മൂട്ടിയോടൊപ്പം റോഷാക്ക്, നിവിന്‍ പോളിയോടൊപ്പം കനകം കാമിനി കലഹം, ബേസില്‍ ജോസഫിനൊപ്പം നുണക്കുഴി തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സില്‍ ഗ്രേസ് ഫഹദ് ഫാസിലിന്റെ പങ്കാളി ആയിട്ടാണ് അഭിനയിച്ചത്. ഇപ്പോള്‍ ഫഹദിനെ കുറിച്ചും കുമ്പളങ്ങി നൈറ്റ്‌സിന്റെ സമയത്തെ അനുഭവത്തെ കുറിച്ചും പറയുകയാണ് ഗ്രേസ് ആന്റണി.

ഫഹദ് ഫാസില്‍ വളരെ പ്രൊഫഷണലാണെന്നും അദ്ദേഹം കുമ്പളങ്ങി നൈറ്റ്‌സിന്റെ സെറ്റില്‍ ക്യാരക്ടര്‍ ആയിട്ടാണ് എപ്പോഴും നില്‍ക്കുകയെന്നുമാണ് ഗ്രേസ് പറയുന്നത്. അധികം സംസാരമോ ചിരിയോ കളിയോ ഒന്നും ഉണ്ടാകില്ലായിരുന്നുവെന്നും നടി പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ്.

‘ഫഹദിക്ക വളരെ പ്രൊഫഷണലാണ്. അദ്ദേഹം കുമ്പളങ്ങി നൈറ്റ്‌സിന്റെ സെറ്റില്‍ ക്യാരക്ടര്‍ ആയിട്ടാണ് എപ്പോഴും നില്‍ക്കുന്നത്. അധികം സംസാരമോ ചിരിയോ കളിയോ ഒന്നും ഉണ്ടാകില്ലായിരുന്നു. എപ്പോഴും ക്യാരക്ടറിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു.

പുറത്ത് ആളിനെ കാണാറില്ലായിരുന്നു. ഷോട്ടിന്റെ സമയത്ത് മാത്രമേ വരാറുള്ളൂ. എങ്കിലും അഭിനയിക്കുന്ന സമയത്ത് കൂടെയുള്ള ക്യാരക്ടറിന് അഭിനയിക്കാനുള്ള ഒരു സ്‌പേസ് തരാറുണ്ടായിരുന്നു. അഭിനയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചാല്‍ കൃത്യമായ മറുപടി തരുമായിരുന്നു,’ ഗ്രേസ് ആന്റണി പറയുന്നു.

കുമ്പളങ്ങി നൈറ്റ്സ്:

മധു സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തില്‍ ഫഹദ് ഫാസിലിനും ഗ്രേസ് ആന്റണിക്കും പുറമെ സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

Content Highlight: Grace Antony Talks About Fahadh Faasil And Kumbalangi Nights Movie

Latest Stories

Video Stories