| Tuesday, 29th November 2022, 6:56 pm

റോഷാക്ക് കണ്ടതിന് ശേഷം സത്യന്‍ അന്തിക്കാട് സാര്‍ എന്നെ വിളിച്ചു, ശരിക്കും അമ്മ കരഞ്ഞുപോയി: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമ കണ്ടിട്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഫോണ്‍ വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും, അത് മറക്കാനാവത്ത ഓര്‍മയാണെന്നും നടി ഗ്രേസ് ആന്റണി. ഇതൊക്കെ കാണുമ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സ് ഓള്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യം പറഞ്ഞത്.

റോഷാക്ക് കണ്ടതിന് ശേഷം എന്നെ സത്യന്‍ അന്തിക്കാട് സാര്‍ വിളിച്ചിരുന്നു. സാര്‍ ആദ്യം മെസേജ് അയച്ചു. പിന്നെ ഫോണില്‍ വിളിക്കുകയായിരുന്നു. വിളിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു, എന്നെ സത്യന്‍ അന്തിക്കാട് സാര്‍ വിളിച്ചുവെന്ന്. ആദ്യം അമ്മ വിശ്വസിച്ചില്ല. അമ്മ വീണ്ടും ചോദിച്ചു ‘ആര് വിളിച്ചെന്ന്,’

സാര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണം എന്ന്. ഇപ്പോഴും ആ നിമിഷം ഓര്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവുമൊക്കെ തോന്നും. റോഷാക്കില്‍ ഞാന്‍ വന്നപ്പോഴും അമ്മ ഭയങ്കര ഹാപ്പിയായിരുന്നു. അന്ന് അമ്മയുടെ കണ്ണൊക്കെ നിറഞ്ഞു. അമ്മ ഭയങ്കര ഇമോഷണലായിരുന്നു ഇതൊക്കെ കേട്ടപ്പോള്‍.

ഇതൊക്കെ എന്റെ ജീവിതത്തിലെ നല്ല ഓര്‍മകളാണ്. കുമ്പളങ്ങി നൈറ്റ്‌സിന്റെ സെറ്റില്‍വെച്ച് ദിലീഷേട്ടന്‍ എന്നോട് പറഞ്ഞു, അഭിനയിക്കേണ്ട ബിഹേവ് ചെയ്താല്‍ മതിയെന്ന്. അഭിനയിക്കുകയാണെങ്കില്‍ ഒരിക്കലും നമുക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല. അഭിനയം ആണെന്ന് നമ്മുടെ മനസില്‍ തന്നെ തോന്നും.

പക്ഷെ ബിഹേവ് ചെയ്യുമ്പോള്‍ അങ്ങനെയൊരു പ്രശനം വരുന്നില്ല. അതായത് ഒരു ആക്ഷന് നമ്മള്‍ റിയാക്ഷന്‍ കൊടുക്കുമ്പോള്‍ അതൊരിക്കലും അഭിനയമായി തോന്നിയില്ല. അപ്പോള്‍ പ്രേക്ഷകന് അവരില്‍ ഒരാളായി നമ്മളെ കാണാന്‍ കഴിയും. ഞാന്‍ എപ്പോഴും ബിഹേവ് ചെയ്യാനാണ് ശ്രമിക്കുന്നത്,’ ഗ്രേസ് ആന്റണി പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ഗ്രേസ് ആന്റണി. വ്യത്യസ്തമായ അഭിനയ ശൈലി, പ്രകടനത്തിലെ മികവ് എന്നിവയെല്ലാം താരത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നു. 2016ല്‍ പുറത്തിറങ്ങിയ ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ് ആണ് ഗ്രേസിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് മലയാളത്തില്‍ നിരവധി സിനിമകള്‍ താരം അഭിനയിച്ചിരുന്നു. നവംബറില്‍ തിയേറ്ററില്‍ എത്തിയ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’യാണ് ഗ്രേസിന്റെ ഏറ്റവും പുതിയ ചിത്രം.

CONTENT HIGHLIGHT: GRACE ANTONY TALKS ABOUT DIRECTOR SATHYAN ANTHIKKAD

We use cookies to give you the best possible experience. Learn more