ആ സീന്‍ കണ്ട് മമ്മൂട്ടി സാറിന്റെ ഫാനായെന്ന് തമിഴ് സംവിധായകന്‍; എനിക്ക് ഗൂസ്ബമ്പ്സ് അടിച്ച നിമിഷം: ഗ്രേസ് ആന്റണി
Entertainment
ആ സീന്‍ കണ്ട് മമ്മൂട്ടി സാറിന്റെ ഫാനായെന്ന് തമിഴ് സംവിധായകന്‍; എനിക്ക് ഗൂസ്ബമ്പ്സ് അടിച്ച നിമിഷം: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd April 2024, 7:15 pm

അഭിനയം കൊണ്ട് സിനിമാപ്രേമികളെ വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. മികച്ച ഒരുപാട് സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച താരമാണ് അദ്ദേഹം. മമ്മൂട്ടി നായകനായി 2019ല്‍ എത്തിയ ചിത്രമാണ് പേരന്‍പ്. ചിത്രം സംവിധാനം ചെയ്തത് തമിഴ് സംവിധായകനായ റാം ആയിരുന്നു.

റാമിന്റെ പുതിയ സിനിമയുടെ ഭാഗമായ താരമാണ് ഗ്രേസ് ആന്റണി. മമ്മൂട്ടിയെ കുറിച്ച് റാം ഒരിക്കല്‍ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ്. റെഡ്.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘റാം സാര്‍ മലയാള സിനിമകളുടെ വലിയ ആരാധകനാണ്. വാ തുറന്നാല്‍ മലയാള സിനിമകളെപ്പറ്റി പൊക്കി പറയാന്‍ മാത്രമേ അദ്ദേഹത്തിന് നേരമുള്ളൂ. മമ്മൂക്കയുടെ വലിയ ആരാധകനാണ് അദ്ദേഹം. പേരന്‍പിന്റെ ഷൂട്ടിങ്ങിന് ഇടയില്‍ ഉണ്ടായ ഒരു സംഭവം ആള്‍ പറഞ്ഞു.

ആദ്യ ദിനം അവര്‍ ഷൂട്ട് ചെയ്യാനായി പ്ലാനിട്ടത് എത്തിപ്പെടാന്‍ വളരെ പ്രയാസമുള്ള ഒരു സ്ഥലത്തായിരുന്നു. ടൗണില്‍ നിന്ന് ഒരുപാട് ഉള്ളിലേക്കായിരുന്നു ആ ലൊക്കേഷന്‍. ഷൂട്ട് ചെയ്യാന്‍ പ്ലാനിട്ടത് ഏഴ് മണിക്കായിരുന്നു. പക്ഷേ മമ്മൂക്കക്ക് ഏഴ് മണിക്ക് അവിടെ എത്താന്‍ പറ്റിയില്ല.

ആര് എത്തിയാലും ഇല്ലെങ്കിലും പറഞ്ഞ സമയത്ത് ഷോട്ട് എടുക്കുന്നതാണ് റാം സാറിന്റെ സ്വഭാവം. അങ്ങനെ സാര്‍ ഷോട്ട് എടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്കയും എത്തി. മമ്മൂക്കയുടെ അസിസ്റ്റന്റായ ജോര്‍ജേട്ടന്‍ റാം സാറിനോട് ചെന്ന് ഷോട്ട് റെഡിയായോ എന്ന് ചോദിച്ചു.

സാര്‍ ഷോട്ടൊക്കെ സമയത്തിനെടുത്തു എന്ന് മറുപടി പറഞ്ഞു. അതെങ്ങനെ, മമ്മൂക്ക ഇല്ലാതെ ഷോട്ടെടുത്തത് ശരിയാകുമോയെന്ന് ജോര്‍ജേട്ടന്‍ ചോദിച്ചു. മമ്മൂട്ടി സാറിനോട് നാളെ വന്നോളൂ എന്നായിരുന്നു റാം സാര്‍ മറുപടിയായി പറഞ്ഞത്. ജോര്‍ജേട്ടന്‍ ഈ കാര്യം മമ്മൂക്കയുടെ അടുത്ത് പോയി പറഞ്ഞു.

പിന്നെ കുറച്ചു നേരം അവര്‍ മാത്രം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. പിന്നെ ഡയറക്ടറെ വിളിപ്പിച്ച്, എന്തിനാണ് ഷോട്ട് എടുത്തത്? താന്‍ വന്നിട്ട് എടുത്താല്‍ പോരായിരുന്നോ എന്ന് ചോദിച്ചു. നിങ്ങള്‍ സമയത്തിനെത്താത്തത് കൊണ്ടല്ലേ എന്ന് റാം സാര്‍ പറഞ്ഞപ്പോള്‍ ഇത് നിങ്ങളുടെ എത്രാമത്തെ സിനിമയാണ് എന്നാണ് മമ്മൂക്ക ചോദിച്ചത്.

റാം സാര്‍ അതിനുള്ള മറുപടി പറഞ്ഞതും മമ്മൂക്ക തിരിച്ച്, ഇത് തന്റെ എത്രാമത്തെ സിനിമയാണെന്ന് പറഞ്ഞു. അത് കേട്ട റാം സാര്‍ നമുക്ക് ഷോട്ട് എടുത്തു നോക്കാമെന്ന് പറഞ്ഞു. ഒരു തക്കാളി കട്ട് ചെയ്യുന്നതായിരുന്നു അന്നത്തെ ഷോട്ട്.

അത്രയേ ഉള്ളൂ. പക്ഷേ അതൊരു ഇമോഷണല്‍ സീനായിരുന്നു. മമ്മൂക്ക അതിന് ഓക്കെ പറഞ്ഞു. ഷോട്ട് എടുത്തു. മമ്മൂട്ടി സാര്‍ ആ സീന്‍ അഭിനയിച്ചത് കണ്ട ആ മൊമന്റില്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനായി എന്നാണ് റാം സാര്‍ പറഞ്ഞത്.

‘ഗ്രേസ്, നിങ്ങള്‍ കരുതുന്നത് പോലെയല്ല. ചുമ്മാ ഒരു തക്കാളി മുറിക്കുന്ന സീന്‍ മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടുള്ളൂ. പക്ഷേ അദ്ദേഹം എനിക്ക് തന്ന ആ സീന്‍, അതിന് ശേഷം മമ്മൂക്ക ഇല്ലാതെ എന്നെക്കൊണ്ട് ആ സിനിമ ആലോചിക്കാന്‍ കൂടി പറ്റാത്ത അവസ്ഥയായി’ എന്ന് റാം സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ഗൂസ്ബമ്പ്സ് അടിക്കുകയായിരുന്നു,’ ഗ്രേസ് ആന്റണി പറഞ്ഞു.


Content Highlight: Grace Antony Talks About Director Ram And Mammootty