| Saturday, 8th October 2022, 10:18 pm

സെറ്റിലെത്തിയ ശേഷം വാനില്‍ നിന്നിറങ്ങി വരുന്ന ബിന്ദു ചേച്ചിയെ കണ്ടാല്‍ 'ഉഫ്, എന്റമ്മേ' എന്നൊരു ഫീലാണ്: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തിയ ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ജഗദീഷ്, ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, സീനത്ത്, സഞ്ജു ശിവ്‌റാം എന്നിവരാണ് റോഷാക്കില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

റോഷാക്കിലെ സീത എന്ന കഥാപാത്രമായുള്ള നടി ബിന്ദു പണിക്കരുടെ വേഷപ്പകര്‍ച്ചയെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ സഹതാരം ഗ്രേസ് ആന്റണി. സെറ്റിലെത്തി വാനില്‍ നിന്ന് മേക്കപ്പ് ചെയ്ത് ഇറങ്ങുമ്പോഴുള്ള ബിന്ദു പണിക്കരുടെ ആ മാറ്റം കണ്ട് ഞെട്ടിയിട്ടുണ്ടെന്നാണ് ഗ്രേസ് പറയുന്നത്.

”ഈയൊരു ഐശ്വര്യത്തോടെയാണ് എല്ലാ ദിവസവും സെറ്റിലേക്ക് വരുന്നത്. വാനില്‍ കയറി പിന്നെ ഇറങ്ങുന്നത് വേറൊരു ആളാണ്. മൊത്തം ഡള്ളാക്കിയിട്ടുണ്ടാകും.

സീത എന്ന് പറയുന്ന പവര്‍ഫുള്‍ ലേഡിയായി മാറിയാണ് ഇറങ്ങിവരുന്നത്. ആ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ കാണുമ്പോള്‍ തന്നെ നമുക്ക് ‘ഉഫ്, എന്റമ്മേ’ എന്നൊരു ഫീലാണ്,” ഗ്രേസ് ആന്റണി പറഞ്ഞു.

റോഷാക്കില്‍ അഭിനയിക്കാന്‍ വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും ഗ്രേസ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”എല്ലാം ചാലഞ്ചസ് തന്നെയാണ്. സീരിയസായി തന്നെയാണ് ചെയ്യുന്ന എല്ലാ പടങ്ങളെയും കാണുന്നതും കഥാപാത്രങ്ങളെ സമീപിക്കുന്നതും. ഈ പടത്തില്‍ ഒത്തിരി ആര്‍ടിസ്റ്റുകളുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും അവരവരുടേതായി അഴിഞ്ഞാടാനുള്ള ഒരു സ്‌പേസുണ്ട്.

അതുകൊണ്ട് നമ്മുടെ വര്‍ക്കില്‍ നമ്മള്‍ കൂടുതലായി കോണ്‍ഷ്യസാകും. ഞാനും ബിന്ദു ചേച്ചിയുമായുള്ള കോമ്പിനേഷന്‍ സീന്‍ എടുക്കുമ്പോള്‍ പോലും ഒരു പൊടി പോലും നമുക്കവിടെ കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ല.

കഥ കേള്‍ക്കുമ്പോഴേ പ്രിപ്പയേര്‍ഡായി വരിക എന്നുള്ളതല്ല, ആ സമയത്ത് എന്താണോ നമുക്ക് ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ ചെയ്യാന്‍ പറ്റുക, അതിന്റെ മാക്‌സിമം ചെയ്യുക എന്നേയുള്ളൂ. അതില്‍ കൂടെ അഭിനയിക്കുന്നവരുടെ കോണ്‍ട്രിബ്യൂഷനും ഉണ്ട്.

അപ്പുറത്ത് നിന്ന് ഒരാള്‍ തരുമ്പോള്‍ ഇപ്പുറത്ത് നിന്ന് കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അത് കൊടുത്താലേ അവര്‍ക്കും നമുക്കും നന്നാക്കാന്‍ പറ്റൂ. അതുകൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയല്ല സെറ്റിലേക്ക് പോകുന്നത്. ഇതൊക്കെ അപ്പപ്പോള്‍ സംഭവിക്കുന്നതാണ്.

ഇത് ഒരാളുടെ മാത്രം കഴിവല്ല. എല്ലാവരുടെയും കോണ്‍ട്രിബ്യൂഷനില്‍ നിന്നാണ് എല്ലാവരുടെ കഥാപാത്രങ്ങളും മികച്ചതാകുന്നത്,” ഗ്രേസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Grace Antony talks about Bindu Panicker’s transformation in the movie Rorschach

Latest Stories

We use cookies to give you the best possible experience. Learn more