ഗ്രേസ് ആന്റണിയും ബേസില്‍ ജോസഫും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി ‘. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ നുണക്കുഴി ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ സംവിധായകന്‍ ജീത്തു ജോസഫാണ് നുണക്കുഴി സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് പറയുകയാണ് ഗ്രേസ് ആന്റണി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ്.
‘ഒത്തിരി ആഗ്രഹിച്ചിട്ടാണ് ഞാന്‍ ജീത്തു സാറിന്റെ ഒരു സിനിമ കിട്ടുന്നത്. ബേസിലിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് അതിനേക്കാള്‍ വലിയ ആഗ്രഹമായിരുന്നു. ഈ സിനിമയില്‍ ബേസിലിന്റെയും എന്റെയും കഥാപാത്രങ്ങള്‍ തമ്മില്‍ പരസ്പരം വലിയ യുദ്ധമാണ്. നേരില്‍ കണ്ടാല്‍ കീരിയും പാമ്പുമാണ്.
നമുക്ക് ഒരിക്കലും ഒറ്റക്ക് നിന്ന് സ്‌കോര്‍ ചെയ്യാന്‍ പറ്റുന്ന സിനിമയല്ല ഇത്. ഒരു ഗ്രൂപ്പ് പ്ലേ എന്തായാലും വേണ്ട സിനിമ തന്നെയാണ് നുണകുഴി. കൂടെ നില്‍ക്കുന്ന ആക്ടറും കോര്‍പ്പറേറ്റ് ചെയ്ത് നിന്നാല്‍ മാത്രമേ സിനിമയില്‍ രസമായി വര്‍ക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു.
ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് അത്രയും പോസിറ്റീവായ സെന്‍സില്‍ മാത്രമാണ് ബേസിലെടുക്കാറുള്ളത്. അത് അയാളുടെ ഒരു നല്ല ക്വാളിറ്റി ആയിട്ടാണ് ഞാന്‍ കാണുന്നത്. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഇടക്ക് ഞാന്‍ എന്റെ ഒരു ആഗ്രഹത്തിന് പുറത്ത് ഒരു ടേക്ക് കൂടെ പോകാമെന്ന് പറയും. അതിന് ബേസില്‍ മടി കാണിക്കാതെ ചെയ്യാന്‍ റെഡിയാകും.
നുണക്കുഴിയില്‍ ഏറ്റവും കൂടുതല്‍ എനര്‍ജി എടുത്തിട്ടുള്ള കഥാപാത്രം ബേസിലിന്റേതാണ്. അയാള്‍ക്ക് വലിയ എനര്‍ജി ആവശ്യമുണ്ട്. അതിനായി നല്ല എനര്‍ജി എടുത്തിട്ടാണ് ബേസില്‍ ഓരോ സീനും ചെയ്യുന്നത്. ആ സമയത്ത് എന്റെ ചില ആഗ്രഹങ്ങള്‍ കൊണ്ട് റീ ടേക്ക് പോകേണ്ടി വന്നിട്ടുണ്ട്. അവിടെ ബേസില്‍ എനിക്ക് നന്നായി കോപ്പറേറ്റ് ചെയ്ത് നിന്നിട്ടുണ്ട്.
ചില സീനുകളില്‍ എനിക്ക് എങ്ങനെയുള്ള മാനറിസമാണ് ഇടേണ്ടത് എന്ന സംശയമുണ്ടാകും. സാധാരണ ഞാന്‍ അത്തരം കാര്യങ്ങള്‍ ആരോടും ചോദിക്കാറില്ല. പക്ഷെ ബേസിലിന്റെ അടുത്ത് എനിക്ക് ഒരു സ്വാതന്ത്ര്യമുണ്ട്. ഞാന്‍ ഇടക്ക് ചോദിച്ചപ്പോള്‍ എനിക്ക് വളരെ ചെറിയ നൈസായ മാനറിസങ്ങള്‍ ബേസില്‍ കാണിച്ചു തന്നു. ബേസില്‍ ചെയ്യുന്നത് കണ്ടാണ് ഞാന്‍ ആ മാനറിസമിട്ടത്,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Grace Antony Talks About Basil Joseph