മമ്മൂക്കയും ചോദിച്ചു നിങ്ങള്‍ അമ്മയും മോളുമാണോന്ന്? ബിന്ദു ചേച്ചി ചക്കരയാണ്: ഗ്രേസ് ആന്റണി
Entertainment news
മമ്മൂക്കയും ചോദിച്ചു നിങ്ങള്‍ അമ്മയും മോളുമാണോന്ന്? ബിന്ദു ചേച്ചി ചക്കരയാണ്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th October 2022, 5:49 pm

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. ‘ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദക്ക് സംസാരിക്കണം’ എന്ന ഗ്രേസിന്റെ ഡയലോഗിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം റോഷാക്കിലും ഗ്രേസ് ആന്റണി ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടന്ന അഭിമുഖത്തില്‍ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ ബിന്ദു പണിക്കരെക്കരെയും തന്നെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് താരമിപ്പോള്‍.

‘എനിക്ക് ഗ്രേസിനെ അറിയില്ലായിരുന്നു, ഗ്രേസിനെ കാണുമ്പോള്‍ എല്ലാവരും പറയും ബിന്ദു ചേച്ചിയുടെ ഛായയുണ്ടെന്ന്. എന്റെ മോളും പറഞ്ഞു. അമ്മേ നല്ല ഛായയുണ്ട്.. ട്ടോ..’ എന്ന് ബിന്ദു പണിക്കര്‍ അഭിമുഖത്തിനിടെ പറഞ്ഞു.

ഇതിന് മറുപടിയായി ‘മമ്മൂക്കയും നിങ്ങള്‍ അമ്മയും മോളുമാണോ എന്ന് ചോദിച്ചു’ എന്നാണ് ഗ്രേസ് പറഞ്ഞത്.

ബിന്ദു പണിക്കരുടെ ഇഷ്ടപ്പെട്ട സിനിമയേതാണെന്ന ചോദ്യത്തിന് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കാമാണ് ഇഷ്ടമെന്ന് ഗ്രേസ് പറഞ്ഞു.

‘എനിക്ക് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കാമാണ് ബിന്ദു ചേച്ചിയുടെ സിനിമകളില്‍ ഏറ്റവും ഇഷ്ടം. ഞാന്‍ ഇടക്കിടക്ക് പറയും, എനിക്ക് ഇത്രയും മുടിയുണ്ട് ട്ടോ എന്ന്. എനിക്ക് സിനിമിയില്‍ വിഗ്ഗാണ് വെച്ചിരുന്നത്. രാവിലെ സെറ്റില്‍ വരുമ്പോള്‍ ബിന്ദു ചേച്ചി വാതിലില്‍ കൊട്ടും. എന്നിട്ട് മോളേ.. തുറക്കൂ എന്ന് പറയും.

ചേച്ചി എന്നെ ആദ്യം കാണുമ്പോള്‍ എനിക്ക് നല്ല മുടിയുണ്ട്, അപ്പോ ബിന്ദു ചേച്ചി വിചാരിച്ചു എന്റെ ഒറിജിനല്‍ മുടിയാണെന്ന്. പിന്നെ ഒരു ദിവസം ഞാന്‍ വന്നപ്പോള്‍ വിഗ്ഗ് വെച്ചിരുന്നില്ല, അന്ന് ബിന്ദു ചേച്ചി ചോദിച്ചു, അയ്യോ ഇത്ര മുടിയേ ഉള്ളൂ കൂട്ടീന്ന്…?

ഭയങ്കര രസമായിരുന്നു ബിന്ദു ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍. ഒത്തിരി ഇഷ്ടമാണ് എനിക്ക് ആ സിനിമ, അല്ലെങ്കില്‍ തന്നെ ചേച്ചി ചക്കരയാണ്,’ ഗ്രേസ് പറഞ്ഞു.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളിലെത്തുന്നത്. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സമീര്‍ അലിയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

Content highlight: Grace Antony talking about Bindu Panicker while Rorschach movie promotion