അന്ന് കരച്ചിൽ നിർത്താനായില്ല, പാർവതി ചേച്ചിയാണ് എന്നെ കൂളാക്കിയത്: ഗ്രേസ് ആന്റണി
Entertainment
അന്ന് കരച്ചിൽ നിർത്താനായില്ല, പാർവതി ചേച്ചിയാണ് എന്നെ കൂളാക്കിയത്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st August 2024, 9:41 am

ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം തന്റെ പ്രകടനം കൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധേയയായി മാറി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ ഗ്രേസിന് സാധിച്ചു.

ഈയിടെ ഇറങ്ങിയ നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന വെബ് സീരീസിലെ ലില്ലി കുട്ടി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ജീത്തു ജോസഫ്‌ ചിത്രം നുണക്കുഴിയിലും പ്രകടനം കൊണ്ട് കയ്യടി നേടുകയാണ് ഗ്രേസ് ആന്റണി.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്ത സിനിമയായിരുന്നു ഹലാൽ ലൗ സ്റ്റോറി. ഇന്ദ്രജിത്ത്, ജോജു ജോർജ്, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ഗ്രേസ് ആയിരുന്നു. ചിത്രത്തിൽ പാർവതി തിരുവോത്തും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു.

ചിത്രത്തിലെ ഒരു ഇമോഷണൽ സീനിന് ശേഷം തനിക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ലെന്ന് പറയുകയാണ് ഗ്രേസ് ആന്റണി. അന്ന് പാർവതിയാണ് തന്നെ ഓക്കെയാക്കിയതെന്നും ഏറ്റവും വൈകാരികമായി അടുപ്പം തോന്നിയ കഥാപാത്രമായിരുന്നു അതെന്നും ഗ്രേസ് പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ഗ്രേസ്.

‘ഇതുവരെ ചെയ്‌തവയിൽ വൈകാരികമായി വളരെ അടുപ്പം തോന്നിയ കഥാപാത്രം ഹലാൽ ലൗ സ്റ്റോറിയിലെ സുഹ്റയാണ്. പതിയെ പതിയെയാണ് ആ കഥാപാത്രത്തിലേക്ക് കയറിയത്.

പക്ഷേ, കയറിക്കഴിഞ്ഞപ്പോൾ പുറത്തേക്കുവരാൻ കുറച്ച് പ്രയാസപ്പെട്ടു. അതിലൊരു സീനിൽ സുഹ്റ ഇമോഷണലായി സംസാരിക്കുന്നുണ്ട്. ആ സീൻ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിൽ നിർത്താനായില്ല. പാർവതി ചേച്ചി എന്നെ മാറ്റിനിർത്തി സംസാരിച്ച് കൂളാക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ എല്ലാവരും ഒരുമിച്ച് കൈയടിച്ചു,’ഗ്രേസ് ആന്റണി പറയുന്നു.

 

Content Highlight: Grace Antony Talk About Shooting Experience Of  Halal Love Story Movie