ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം തന്റെ പ്രകടനം കൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധേയയായി മാറി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ ഗ്രേസിന് സാധിച്ചു.
ഈയിടെ ഇറങ്ങിയ നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന വെബ് സീരീസിലെ ലില്ലി കുട്ടി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ജീത്തു ജോസഫ് ചിത്രം നുണക്കുഴിയിലും പ്രകടനം കൊണ്ട് കയ്യടി നേടുകയാണ് ഗ്രേസ് ആന്റണി.
ചുരുങ്ങിയ സമയത്തിനിടയിൽ മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ച ഗ്രേസ് ഓരോരുത്തർക്കുമൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ്. ആദ്യമായി അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുന്നുവെന്നും റോഷാക്കിൽ മമ്മൂട്ടിയെ ആദ്യമായി കാണുമ്പോൾ പേടിയായിരുന്നുവെന്നും ഗ്രേസ് പറയുന്നു.
എന്നാൽ മമ്മൂട്ടിയും നിവിൻ പോളിയുമെല്ലാം തന്നെ കംഫർട്ട് ലെവലിൽ എത്തിച്ച ശേഷമാണ് സിനിമ ചെയ്തതെന്നും ഫഹദ് ഫാസിലിന് മറ്റൊരു രീതിയായിരുന്നുവെന്നും ഗ്രേസ് പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ഗ്രേസ്.
‘ തുടക്കത്തിൽ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, ഷൂട്ടിങ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾ അത് മാറി. റോഷാക്കിൽ മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ ഞാൻ വളരെ നെർവസായിരുന്നു. എങ്ങനെ അദ്ദേഹത്തിനൊപ്പം അഭിനയിക്കും എന്ന ടെൻഷനായിരുന്നു.
ഇക്കയുമായി കുറച്ചുസമയം സംസാരിച്ചപ്പോൾ അത് മാറി. ഇത്രയും കാലത്തെ അനുഭവപരിചയമുള്ളതിനാൽ അദ്ദേഹത്തിന് എന്നെപ്പോലൊരു നടിയുടെ ടെൻഷൻ മനസ്സിലാകും. അതുകൊണ്ട് ആദ്യം എന്നെ കംഫർട്ട് ലെവലിലേക്ക് എത്തിച്ചശേഷമാണ് സീനുകൾ ഷൂട്ടുചെയ്‌തത്.
അതുപോലെ തന്നെയാണ് കനകം കാമിനി കലഹത്തിൽ നിവിൻ ചേട്ടനും നാഗേന്ദ്രൻസ് ഹണിമൂൺസിൽ സുരാജേട്ടനും നുണക്കുഴിയിൽ ബേസിലുമെല്ലാം പിന്തുണനൽകിയത്. ഫഹദിക്ക മറ്റൊരു സ്റ്റൈലാണ്,’ഗ്രേസ് പറയുന്നു.