അരക്കിലോ റിയാക്ഷൻ എടുക്കാനുണ്ടോയെന്ന് ആ സംവിധായകൻ ചോദിക്കുമായിരുന്നു: ഗ്രേസ് ആന്റണി
Entertainment
അരക്കിലോ റിയാക്ഷൻ എടുക്കാനുണ്ടോയെന്ന് ആ സംവിധായകൻ ചോദിക്കുമായിരുന്നു: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 9:09 am

ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം തന്റെ പ്രകടനം കൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധേയയായി മാറി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ ഗ്രേസിന് സാധിച്ചു.

ഈയിടെ ഇറങ്ങിയ നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന വെബ് സീരീസിലെ ലില്ലി കുട്ടി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ പുതിയ ചിത്രം നുണക്കുഴിയെ കുറിച്ചും സിനിമയിലെ തന്റെ ഡയലോഗുകളെ കുറിച്ചുമെല്ലാം പറയുകയാണ് ഗ്രേസ് ആന്റണി.

ജീത്തു ജോസഫിന്റെ സിനിമയിൽ അഭിനയിക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്നും നുണക്കുഴി ഒരു ഫൺ ഫാമിലി ചിത്രമാണെന്നും ഗ്രേസ് പറയുന്നു. മറ്റുള്ളവരുടെ ഡയലോഗുകൾക്ക് റിയാക്ഷനിടാൻ തനിക്ക് ഇഷ്ടമാണെന്നും ഗ്രേസ് പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ജീത്തു ജോസഫ് ചിത്രം എന്നു പറയുമ്പോൾ ത്രില്ലർ ആകും എല്ലാവരുടെയും മനസ്സിലേക്ക് ആദ്യമെത്തുക. എന്നാൽ, നുണക്കുഴി ഒത്തിരി ചിരിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഡ്രാമയാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്ന് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു.

ബേസിൽ ജോസഫുമായാണ് കൂടുതൽ കോമ്പിനേഷൻ സീനുകളുള്ളത്. സുരാജേട്ടനൊപ്പമുള്ള എക്സ്ട്രാ ഡീസന്റും ഒരു തമിഴ് ചിത്രവുമാണ് ഇനിവരാനുള്ളത്.

പുറത്തിറങ്ങുമ്പോൾ ആളുകൾ സിമിമോളെ, ലില്ലിക്കുട്ടി എന്നെല്ലാം സ്നേഹത്തോടെ വിളിക്കും. നാഗ്രേന്ദ്രൻസ് ഹണിമൂൺസിലെ, നമുക്ക് ഒത്തിരി പിള്ളേര് വേണം കേട്ടോ, ജാതിമരം കുലുക്കിയിട്ട പോലെ, കുമ്പളങ്ങിനൈറ്റ്സിലെ ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം എന്നീ ഡയലോഗുകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.

എനിക്ക് മറ്റൊരാൾ ഡയലോഗ് പറയുമ്പോൾ റിയാക്ഷൻ ഇടാൻ ഏറെ ഇഷ്ടമാണ്. കനകം കാമിനി കലഹം സിനിമയുടെ ഷൂട്ടിനിടയിൽ എടുക്കാനുണ്ടോ അരക്കിലോ റിയാക്‌ഷൻ എന്നെല്ലാം സംവിധായകൻ രതീഷ് പൊതുവാൾ തമാശയായി ചോദിക്കുമായിരുന്നു,’ഗ്രേസ് ആന്റണി പറയുന്നു.

Content Highlight: Grace Antony Talk About Her Films And Dialogues