| Monday, 26th September 2022, 9:27 am

മമ്മൂട്ടിയെ പോലെയാണ് സെറ്റില്‍ നിവിന്‍ പോളി, അത് പറയാതിരിക്കാനാകില്ല; ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കനകം കാമിനി കലഹം. വ്യത്യസ്തമായ ആക്ഷേപഹാസ്യ പരീക്ഷണമായിരുന്ന ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളായിരുന്നു.

ചിത്രത്തില്‍ പവിത്രന്‍ എന്ന അഭിനയമോഹവുമായി നടക്കുന്ന ചെറുപ്പക്കാരാനായിട്ടായിരുന്നു നിവിനെത്തിയത്. പവിത്രന്റെ ഭാര്യയും മുന്‍ സീരിയല്‍ നടിയുമായ ഹരിപ്രിയയെയാണ് ഗ്രേസ് അവതരിപ്പിച്ചത്.

ഒരു ദിവസം ഒരു ഹോട്ടലില്‍ വെച്ച് നടക്കുന്ന കഥയായിരുന്നു ചിത്രത്തിലേത്. കനകം കാമിനി കലഹത്തിലെ നിവിന്റേയും ഗ്രേസിന്റെയും കഥാപാത്രങ്ങളും പെര്‍ഫോമന്‍സും ഏറെ ശ്രദ്ധ നേടിയിരുന്നു.

നിവിനോടൊപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗ്രേസ് ആന്റണി ഇപ്പോള്‍. പോപ്പര്‍ സ്റ്റോപ്പ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളിയെ കുറിച്ച് ഗ്രേസ് സംസാരിച്ചത്.

റോഷാക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച ശേഷമായിരുന്നു കനകം കാമിനി കലഹത്തിലെ നിവിനെ കുറിച്ച് ഗ്രേസ് സംസാരിച്ചത്. മമ്മൂട്ടി സെറ്റില്‍ എങ്ങനെയാണോ പെരുമാറുക അതുപോലെ തന്നെയാണ് നിവിനുമെന്നാണ് നടി പറയുന്നത്.

ഇരുവരും വളരെ കൂളായ ആളുകളാണെന്നും സെറ്റിലെ മറ്റെല്ലാവരെയും സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളാണെന്നും ഗ്രേസ് പറയുന്നു.

‘നിവിന്‍ ചേട്ടന്‍ ഒരു സ്വീറ്റ് ഹാര്‍ട്ടാണ് അത് പറയാതിരിക്കാനാകില്ല. കനകം കാമിന് കലഹം ഷൂട്ട് ചെയ്യുന്ന സമയത്ത് മാനസികമായി നമ്മളെല്ലാവരും വളരെ നിരാശയിലാണ്. കാരണം സിനിമയും വര്‍ക്കുമൊന്നുമില്ലാത്തതിന്റെ പ്രശ്‌നങ്ങളുണ്ട്.

ഒരു ഹോട്ടലില്‍ വെച്ചായിരുന്നു കനകത്തിന്റെ ഷൂട്ട്. നേരത്തെ ഞാന്‍ പറഞ്ഞല്ലോ മമ്മൂക്ക എങ്ങനെയാണ് നമ്മളെയൊക്കെ ചില്ലാക്കുക എന്ന്. അതുപോലെ തന്നെയാണ് നിവിന്‍ ചേട്ടനും. അദ്ദേഹം ഒരു ദിവസം ഡെസ്പ് ആണെങ്കില്‍ അത് നമുക്ക് മനസിലാകും. ഇന്ന് എന്തുപറ്റിയെന്ന് നമ്മള്‍ അങ്ങോട്ട് ചെന്ന് ചോദിക്കും.

എന്നെ മാത്രമല്ല, എല്ലാവരെയും വല്ലാതെ ഓമനിച്ചുകൊണ്ടുനടക്കുന്നയാളാണ് നിവിന്‍ ചേട്ടന്‍. അഭിനേതാക്കള്‍ തമ്മിലുണ്ടാകേണ്ട കൊടുക്കല്‍ വാങ്ങലുകളുടെ കാര്യത്തില്‍ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

സീനില്‍ നമുക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞാല്‍ അദ്ദേഹം അത് അതുപോലെ ചെയ്യും. നമ്മുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കും. അത്തരത്തില്‍ മികച്ച ക്വാളിറ്റിയുള്ള ഒരു വ്യക്തിയും നടനുമാണ് നിവിന്‍ ചേട്ടന്‍,’ ഗ്രേസ് ആന്റണി പറഞ്ഞു.

നിവിന്‍ പോളിക്കൊപ്പമുള്ള സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് ഗ്രേസിന്റെ പുതിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.

നവീന്‍ ഭാസ്‌കര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് വിനായകന്‍ അജിത്താണ്. സിജു വില്‍സണ്‍, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Grace Antony shares experiences with Nivin Pauly

Latest Stories

We use cookies to give you the best possible experience. Learn more