ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് കമൽ സംവിധാനം ചെയ്ത ‘വിവേകാന്ദൻ വൈറലാണ്’. ചിത്രത്തിൽ സ്വാസികയും ഗ്രേസ് ആന്റണിയും മെറീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ ഷൈനിനെ പിടിച്ച് നല്ല ഇടി ഇടിച്ചല്ലേ എന്ന ചോദ്യത്തിന് താൻ നന്നായിട്ട് കൊടുത്തിട്ടുണ്ടെന്നും അതുപോലെ തിരിച്ചും കിട്ടിയിട്ടുണ്ടെന്നും ഗ്രേസ് പറഞ്ഞു. ഷൈനുമായുള്ള രസകരമായ അനുഭവങ്ങളും ഗ്രേസ് റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
‘ഞാൻ നന്നായിട്ട് കൊടുത്തിട്ടുണ്ട്. അതുപോലെ ഷൈൻ തിരിച്ചും തന്നിട്ടുണ്ട്. അതിനപ്പുറം തിരിച്ചു കൊടുത്തു. രണ്ട് തരത്തിലുള്ള ആർട്ടിസ്റ്റുകൾ ഉണ്ട്, ഇത് പോസിറ്റീവ് ആയിട്ട് എടുത്താൽ മതി. നമ്മളെ പെട്ടെന്ന് വന്ന് പിടിക്കുന്ന സീൻ ഉണ്ടെങ്കിൽ ചിലർ വളരെ സോഫ്റ്റ് ആയിട്ട് പിടിച്ചിട്ട് നമ്മൾ അഭിനയിച്ചാൽ മതി എന്ന് പറയും.
എന്നാൽ ഷൈനിന്റെ അടുത്ത് വരുമ്പോൾ അതിന്റെ ആവശ്യം ഒന്നുമില്ല. കിട്ടേണ്ടത് കിട്ടേണ്ട പോലെ തന്നെ കിട്ടും. ആദ്യം എനിക്ക് വൗ എന്ന് തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ മേലൊക്കെ നോവാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഒന്ന് പതുക്കെ ചെയ്യ് എന്ന് പറഞ്ഞത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ മനസ്സിലാവും പറഞ്ഞിട്ടൊന്നും കാര്യമില്ല, പുള്ളി അങ്ങനെയാണെന്നുള്ളത്.
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നുള്ള സാധനം ഉണ്ടല്ലോ. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് കൊടുക്കേണ്ട സാഹചര്യം വന്നപ്പോൾ ഞാൻ ഒന്ന് കൊടുത്തു. കൊടുത്തുകഴിഞ്ഞപ്പോഴത്തേക്ക് മനസ്സിലായി ഇവള്മാരുടെ അടുത്ത് പിടിച്ചു നിന്നിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല സ്വാസികയും മെറീനയുമുണ്ട്. അപ്പോൾ പതുക്കെ ചെയ്യടോ എന്ന് ഷൈൻ പറഞ്ഞു . അപ്പോൾ മെറീന പറഞ്ഞു നിനക്ക് മാത്രമല്ല ഞങ്ങൾക്കും വേദനിക്കും. എന്ന്. എല്ലാം ഭയങ്കര ഫൺ ആയിട്ടാണ് എടുത്തത്,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Grace antony share funny moments with shine tom chakko