മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററിലെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് റോഷാക്കിലൂടെ പ്രേക്ഷകര്‍ കണ്ടത്. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗ്രേസ് ആന്റണി. കൂടെ അഭിനയിക്കുന്നവരെ അത്രയേറെ കംഫര്‍ട്ടബിളാക്കുന്ന വ്യക്തിയാണ് മമ്മൂക്കയെന്നാണ് ഗ്രേസ് പറയുന്നത്. സെറ്റില്‍ 150 പേരുണ്ടെങ്കില്‍ അവരെയെല്ലാം മമ്മൂക്ക ഒബ്‌സേര്‍വ് ചെയ്യുമെന്നും പല സമയത്തും അത്ഭുതപ്പെട്ടുപോയിട്ടുണ്ടെന്നും ഗ്രേസ് പറയുന്നു.
ആക്ഷന്‍ ടു കട്ട് അവിടെ മമ്മൂക്ക എന്ന് പറയുന്ന ആളേ ഇല്ല. അവിടെ ലൂക്ക് ആന്റണി മാത്രമേയുള്ളൂ. കട്ട് പറഞ്ഞ ശേഷം മമ്മൂക്കയുടെ അടുത്തേക്ക് കൂടെയുള്ളവരൊക്കെ കൂടുമ്പോഴാണ് ആ ഒരു സൂപ്പര്‍സ്റ്റാര്‍ ഫീല്‍ നമുക്കും വരുന്നത്. അതുവരെ നമുക്ക് ആ ക്യാരക്ടര്‍ ആയിട്ടേ തോന്നുള്ളൂ.
അത്രയും പ്രൊഫഷണലായിട്ടാണ് ഇക്ക ഹാന്‍ഡില്‍ ചെയ്യുന്നത്. അപ്പോള്‍ നമുക്ക് അവിടെ പിടിച്ചുനില്‍ക്കണ്ടേ. അതുകൊണ്ട് തന്നെ എത്രയും നന്നായി പെര്‍ഫോം ചെയ്യുക എന്നതേ അപ്പോള്‍ മൈന്‍ഡില്‍ ഉണ്ടാവുകയുള്ളൂ.
പിന്നെ എനിക്ക് തോന്നുന്നത് നമ്മളെ കറക്ട് ആയിട്ട് ഒബ്‌സേര്‍വ് ചെയ്യുന്ന ആളാണ് ഇക്ക എന്നാണ്. നമ്മള്‍ ഒന്ന് ഡിസ്‌റ്റേര്‍ബ്ഡ് ആയിക്കഴിഞ്ഞാല്‍ ഇക്കയ്ക്ക് മനസിലാകും. ചില സമയത്ത് ക്രൗഡ് കൂടുതലായിക്കഴിയുമ്പോള്‍ നമ്മള്‍ ഭയങ്കര ഡിസ്‌റ്റേര്‍ബ്ഡ് ആവും. അപ്പോള്‍ തന്നെ ഇക്ക ക്രൗഡ് മാറ്റ് എന്ന് പറയും.
അദ്ദേഹം നമ്മളെ അത്ര ശ്രദ്ധിക്കുന്നുണ്ട് എന്നതാണ്. അതും അദ്ദേഹം പെര്‍ഫോം ചെയ്യുന്നതിന്റെ കൂട്ടത്തിലാണെന്ന് ആലോചിക്കണം. അദ്ദേഹത്തിനും പെര്‍ഫോം ചെയ്യണ്ടേ, അദ്ദേഹത്തിനും പണിയെടുക്കണ്ടേ ആ കൂട്ടത്തിലാണ് നമ്മുടെ കാര്യം കൂടി നോക്കുന്നത്.
അതുപോലെ സെറ്റില്‍ ഒരാള്‍ ലീവായാല്‍ പിറ്റേ ദിവസം ചോദിക്കും. അവരുടെ പേരുള്‍പ്പെടെ അറിയാം. ഒരു ദിവസം സെറ്റിലുള്ള ഒരു പുള്ളി ക്ലീഷ് ഷേവ് ചെയ്ത് വന്നു. നിന്റെ താടി എന്തേ ഡാ എന്ന് മമ്മൂക്ക ചോദിച്ചു. ആ മച്ചാന്‍ ഇങ്ങനെ പേടിച്ച് നില്‍ക്കുകയാണ്. അത് ഇക്കാ വടിച്ചു എന്ന് പറഞ്ഞു. ആര് പറഞ്ഞു നിന്നോട് വടിക്കാന്‍, നിനക്ക് ഇവിടെ പണിയെടുക്കാന്‍ സമയമില്ല, അതിനിടയ്ക്ക് ഇതിനൊക്കെ സമയമുണ്ടായിരുന്നോ എന്ന് ചോദിച്ചു (ചിരി). ഇതൊക്കെ ഇക്ക എപ്പോള്‍ കാണുന്നു എന്നായിരുന്നു ഞാന്‍ ആലോചിച്ചത്, ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Grace Antony Share an Experiance with Mammootty on Rorschach Movie