| Tuesday, 23rd January 2024, 9:40 am

'അതിന് ശേഷം മമ്മൂക്ക ഇല്ലാതെ ആ സിനിമ ആലോചിക്കാന്‍ കൂടി പറ്റാതായി' മമ്മൂട്ടിയെപ്പറ്റി തമിഴ് സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലെ വേഷത്തിലൂടെ കൂടുതല്‍ ജനശ്രദ്ധ നേടി. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ഗ്രേസ് മലയാളത്തിലെ മികച്ച യുവനടിമാരില്‍ ഒരാളാണ്. ഒരിടവേളക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ ഗ്രേസ് അവതരിപ്പിക്കുന്നു. സിനിമയുടെ പ്രൊമോഷന് വേണ്ടി റെഡ്.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ തമിഴ് സിനിമയുടെ അനുഭവങ്ങള്‍ ഗ്രേസ് പങ്കുവെച്ചു.

‘റാം സാര്‍ മലയാളം പടങ്ങളുടെ വലിയ ഫാനാണ്. വാ തുറന്നാല്‍ മലയാള സിനിമകളെപ്പറ്റി പൊക്കിപ്പറയാനേ നേരമുള്ളൂ. മമ്മൂക്കയുടെ വലിയ ഫാനാണ് പുള്ളി. അങ്ങനെ പേരന്‍പിന്റെ ഷൂട്ടിങില്‍ ഉണ്ടായ ഒരു സംഭവം പുള്ളി പറഞ്ഞു. ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യാന്‍ പ്ലാനിട്ടത് എത്തിപ്പെടാന്‍ വളരെ പ്രയാസമുള്ള ഒരു സ്ഥലത്തായിരുന്നു. മെയിന്‍ ടൗണില്‍ നിന്ന് ഒരുപാട് ഉള്ളിലേക്കായിരുന്നു ലൊക്കേഷന്‍. ഏഴ് മണിക്കായിരുന്നു ഷൂട്ട് ചെയ്യാന്‍ പ്ലാനിട്ടത്. പക്ഷേ മമ്മൂക്കക്ക് ഏഴ് മണിക്ക് എത്താന്‍ പറ്റിയില്ല. റാം സാറിന്റെ സ്വഭാവം എന്താണെന്ന് വെച്ചാല്‍, ആര് എത്തിയാലും ഇല്ലെങ്കിലും പറഞ്ഞ സമയത്ത് ഷോട്ട് എടുത്തിരിക്കും. അങ്ങനെ റാം സാര്‍ ഷോട്ട് എടുത്തു, കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്ക എത്തി. എന്നിട്ട് ജോര്‍ജേട്ടന്‍ (മമ്മൂക്കയുടെ അസിസ്റ്റന്റ്) റാം സാറിനോട് ചെന്ന് ഷോട്ട് റെഡിയായോ എന്ന് ചോദിച്ചു. സാര്‍ പറഞ്ഞു, ഷോട്ട് ഒക്കെ സമയത്തിനെടുത്തു.

ജോര്‍േജേട്ടന്‍ പറഞ്ഞു, അതെങ്ങനെ ശെരിയാവും? മമ്മൂക്ക ഇല്ലാതെ ഷോട്ടെടുത്തത് ശെരിയാകുമോ എന്നൊക്കെ. മമ്മൂട്ടി സാറിനോട് നാളെ വന്നോളൂ എന്ന് റാം സാര്‍ പറഞ്ഞു. ജോര്‍ജേട്ടന്‍ അത് മമ്മൂക്കയുടെ അടുത്ത് പോയി പറഞ്ഞു. പിന്നെ കുറച്ചു നേരം അവര്‍ മാത്രം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. എന്നിട്ട് ഡയറക്ടറെ വിളിപ്പിച്ച് ചോദിച്ചു, എന്തിനാണ് ഷോട്ട് എടുത്തത്? ഞാന്‍ വന്നിട്ട് എടുത്താല്‍ പോരായിരുന്നോ എന്ന്.

റാം സര്‍ പറഞ്ഞു, നിങ്ങള്‍ സമയത്തിനെത്താത്തത് കൊണ്ടല്ലേ. മമ്മൂക്ക അപ്പോള്‍ ചോദിച്ചു, ഇത് നിങ്ങളുടെ എത്രാമത്തെ സിനിമയാണ്?. റാം സാര്‍ അതിനുള്ള മറുപടി പറഞ്ഞു. മമ്മൂക്ക തിരിച്ച്, ഇത് എന്റെ 400ാമത്തെ സിനിമയാണ്. അത് കേട്ട റാം സര്‍ നമുക്ക് ഷോട്ട് എടുത്തു നോക്കാമെന്ന് പറഞ്ഞു. ഷോട്ട് എന്താണെന്ന് വെച്ചാല്‍, ഒരു തക്കാളി കട്ട് ചെയ്യണം. അത്രയേ ഉള്ളൂ. പക്ഷേ അതൊരു ഇമോഷണല്‍ സീനാണ്. മമ്മൂക്ക ഓകെ പറഞ്ഞു. ഷോട്ട് എടുത്തു.

പിന്നീട് റാം സാര്‍ പറഞ്ഞത്, മമ്മൂട്ടി സര്‍ ആ സീന്‍ അഭിനയിച്ചത് കണ്ട ആ മൊമന്റില്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനായി. ഗ്രേസ്, നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല, ചുമ്മാ ഒരു തക്കാളി മുറിക്കുന്ന സീന്‍ മാത്രമേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ. പക്ഷേ അദ്ദേഹം എനിക്ക് തന്ന ആ സീന്‍, അതിന് ശേഷം മമ്മൂക്ക ഇല്ലാതെ എന്നെക്കൊണ്ട് ആ സിനിമ ആലോചിക്കാന്‍ കൂടി പറ്റാത്ത അവസ്ഥയാണ്. റാം സാര്‍ ഇത് പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ഗൂസ്ബമ്പ്‌സ് അടിക്കുവായിരുന്നു’ ഗ്രേസ് പറഞ്ഞു.

തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായ റാം പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗ്രേസും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏഴ് കടല്‍ ഏഴ് മലൈ എന്ന സിനിമക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.

Content Highlight: Grace Antony saying that director Ram is a big fan of Mammootty

We use cookies to give you the best possible experience. Learn more