'ജാതിമരം കുലുക്കിയിട്ടത് പോലെ ചുറ്റിനും കുട്ടികള്‍' ലില്ലിക്കുട്ടിയിലൂടെ ചിരിപ്പിച്ച ഗ്രേസ് ആന്റണി
Entertainment
'ജാതിമരം കുലുക്കിയിട്ടത് പോലെ ചുറ്റിനും കുട്ടികള്‍' ലില്ലിക്കുട്ടിയിലൂടെ ചിരിപ്പിച്ച ഗ്രേസ് ആന്റണി
വി. ജസ്‌ന
Sunday, 21st July 2024, 10:10 pm

ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്ന ടാഗ് ലൈനോടെ വന്ന ഏറ്റവും പുതിയ മലയാളം വെബ് സീരീസാണ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്. ബഹുഭാര്യത്വ ബന്ധം പുലര്‍ത്തുന്ന നാഗേന്ദ്രന്റെ കഥയാണ് ഈ സീരീസില്‍ പറയുന്നത്. പ്രധാനമായും ആറ് നായികമാരുള്ള സീരീസ് കണ്ട് തീര്‍ക്കുമ്പോള്‍ ഏറെ ഓര്‍ത്ത് വെക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ലില്ലിക്കുട്ടി.

നാഗേന്ദ്രന്‍ രണ്ടാമത് വിവാഹം കഴിക്കുന്ന സ്ത്രീയായിരുന്നു അവള്‍. പത്തനംതിട്ടയിലെ റാന്നിയിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ലില്ലിക്കുട്ടി ജീവിക്കുന്നത്. അവിടെ തന്റെ പതിനാറാമത്തെ പെണ്ണുകാണലിന് ശേഷവും കല്യാണം നടക്കാതെ കഴിയുകയാണ് അവള്‍. 38 വയസായിട്ടും മകളുടെ കല്യാണം നടക്കാത്തതില്‍ വിഷമത്തിലാണ് ലില്ലിക്കുട്ടിയുടെ അപ്പന്‍.

മാനസിക വെല്ലുവിളിയുള്ള തന്റെ മകളുടെ കല്യാണം നടത്താന്‍ സാധിക്കാത്തതില്‍ മകനെ കുറ്റപ്പെടുത്തുകയാണ് അയാള്‍. പെങ്ങളുടെ കല്യാണം നടന്നാല്‍ മാത്രമേ തനിക്ക് അപ്പന്റെ സ്വത്ത് ലഭിക്കുകയുള്ളു എന്ന് മനസിലാക്കുന്ന ലില്ലിക്കുട്ടിയുടെ ചേട്ടന്‍ അവള്‍ക്ക് പറ്റിയ ചെക്കനെ കണ്ടെത്തുകയാണ്. അവളെ കല്യാണം കഴിക്കാന്‍ എത്തുന്നത് ജോസഫ് എന്ന പേരില്‍ നാഗേന്ദ്രനാണ്.

വെബ് സീരീസ് കാണുമ്പോള്‍ അത്രനേരം ഉണ്ടായിരുന്ന മൂഡില്‍ ആകെ മാറ്റം കൊണ്ടുവന്ന കഥാപാത്രമായിരുന്നു ലില്ലിക്കുട്ടി. കണ്ണുകള്‍ കൊണ്ടും മുഖ ഭാവങ്ങള്‍ കൊണ്ടും പ്രവര്‍ത്തി കൊണ്ടും ലില്ലിക്കുട്ടി ഇടക്കൊക്കെ ചിരിപ്പിക്കുന്നുണ്ടായിരുന്നു. ഈ കല്യാണം കൂടെ നടന്നില്ലെങ്കില്‍ വീടിന് തീയിടുമെന്ന് പറയുന്ന ലില്ലിക്കുട്ടിയെ കാണാം. തന്നെ പെണ്ണ് കാണാന്‍ എത്തിയ ജോസഫിന് (നാഗേന്ദ്രന്‍) മുന്നില്‍ നാണത്തോടെ നില്‍ക്കുന്നതും അതേ ലില്ലിക്കുട്ടി തന്നെയാണ്.

തന്നെ ഇഷ്ടമായെന്ന് പറയുന്ന ജോസഫിനോട് സിനിമ കാണിക്കാനും വെള്ളയില്‍ മഞ്ഞ പൂക്കളുള്ള സാരി വാങ്ങി കൊടുക്കാനും താജ് മഹലിന് മുന്നില്‍ നിന്ന് ഫോട്ടോയെടുത്തു കൊടുക്കണമെന്നുമൊക്കെയാണ് നിഷ്‌കളങ്കമായി അവള്‍ ആവശ്യപ്പെടുന്നത്. ജാതിമരം കുലുക്കിയിട്ടത് പോലെ ചുറ്റിനും ഒത്തിരി കുട്ടികള്‍ വേണമെന്നും ലില്ലിക്കുട്ടി അയാളോട് നാണത്തോടെ പറയുന്നുണ്ട്.

പലപ്പോഴും ആ കഥാപാത്രത്തിന്റെ പ്രവര്‍ത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കല്‍പ്പനയെ ഓര്‍മിപ്പിക്കുന്നുണ്ട്. ഫാസിലിന്റെ സംവിധാനത്തില്‍ എത്തിയ വിസ്മയത്തുമ്പത്ത് എന്ന സിനിമയിലെ കല്‍പ്പനയുടെ മായയെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമായിരുന്നു ലില്ലിക്കുട്ടി. ഒരുപക്ഷെ ഈ വെബ് സീരീസില്‍ ആളുകളെ ചിരിപ്പിച്ച കഥാപാത്രം തന്നെയായിരുന്നു അവളുടേത്. ഗ്രേസ് ആന്റണിയായിരുന്നു സീരീസില്‍ ലില്ലിക്കുട്ടിയായി എത്തിയത്. തനിക്ക് ലഭിച്ച കഥാപാത്രത്തെ വളരെ മികച്ചതായി തന്നെ അവതരിപ്പിക്കാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്.

2016ല്‍ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം തന്റെ പ്രകടനം കൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധേയയായി മാറിയിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി ഇനി ലില്ലിക്കുട്ടിയെയും കാണാം.

2016ല്‍ പുറത്തിറങ്ങിയ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കിയ വെബ് സീരീസാണ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തിയ സീരീസില്‍ നാഗേന്ദ്രനായി എത്തിയത് സുരാജ് വെഞ്ഞാറമൂടാണ്. ഗ്രേസ് ആന്റണിക്ക് പുറമെ ശ്വേത മേനോന്‍, കനി കുസൃതി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍, അമ്മു അഭിരാമി എന്നിവരാണ് നായികമാരായി എത്തിയത്. രമേഷ് പിഷാരടി, പ്രശാന്ത് അലക്‌സാണ്ടര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഈ സീരീസിലുണ്ട്.

Content Highlight: Grace Antony’s Lillykutty In Nagendran’s Honeymoon

 

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ