Entertainment news
ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് ഞാന്‍ എങ്ങനെയാണ് കോഴിക്കോടിന്റെ സ്‌നേഹം കണ്ടില്ലെന്ന് വെക്കുന്നത്: ഗ്രേസ് ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 07, 04:19 pm
Monday, 7th November 2022, 9:49 pm

പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി കോഴിക്കോട് വീണ്ടുമെത്തി നടി ഗ്രേസ് ആന്റണി. ‘പടച്ചോനെ ങ്ങള് കാത്തോളി’ എന്ന പുതിയ സിനിമയുടെ പ്രമോഷനുവേണ്ടിയാണ് താരം കോഴിക്കോട്ടെത്തിയത്.

കഴിഞ്ഞ തവണ വന്നുപോയപ്പോള്‍ ഇനി ഇവിടെ വരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്ന് ഗ്രേസ് പറഞ്ഞു. സാറ്റര്‍ഡേ നൈറ്റ്‌സ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോള്‍ തനിക്കും സഹതാരങ്ങള്‍ക്കുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

‘കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല, ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇവിടെ വന്നതിന്. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ‘പടച്ചോന് ങ്ങള് കാത്തോളണെ’ എന്ന് പറഞ്ഞാണ് പോന്നത്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ അപ്രതീക്ഷതമായി നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാറുണ്ട്. പിന്നെ ഞാന്‍ ഓര്‍ത്തു, ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് ഞാന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വെക്കുന്നത്.

അതുകൊണ്ട് തന്നെയാണ് വീണ്ടും കോഴിക്കോട് വരാനുള്ള അവസരം കിട്ടിയപ്പോള്‍ വേണ്ടെന്നുവെക്കാതിരുന്നത്.കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്.

മാത്രമല്ല പടച്ചോന്‍ സിനിമയുടെ പ്രൈവറ്റ് ഇവന്റ് കോഴിക്കോട് വെച്ചാണ് തുടങ്ങിയത്. ഷൂട്ടിങും ഇവിടെ നിന്നായിരുന്നു തുടക്കം. ആ പ്രശ്‌നങ്ങള്‍ ഉണ്ടായതിന് ശേഷം കോഴിക്കോടുകാര്‍ക്ക് എന്നോടുള്ള സ്‌നേഹം കൂടിയിട്ടേ ഒളളൂ,’ ഗ്രേസ് ആന്റണി പറഞ്ഞു.

കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ വെച്ചായിരുന്നു ‘പടച്ചോനെ ങ്ങള് കാത്തോളി’ സിനിമയുടെ പ്രൊമോഷന്‍ പരിപാടി നടന്നത്. ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍, നിര്‍മാതാവ് രഞ്ജിത് മണംമ്പ്രക്കാട്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Content Highlight: Grace Antony is back in Calicut for a film promotion