ഫൈറ്റ് കഴിഞ്ഞ് മമ്മൂട്ടി ജനലില്‍ പിടിച്ച് നിന്ന് കിതക്കും, ഇത്രയും പ്രായമായ എന്നെ പാടുപെടുത്തുന്നത് നീ കാണുന്നില്ലേ എന്ന് ചോദിക്കും: ഗ്രേസ് ആന്റണി
Entertainment
ഫൈറ്റ് കഴിഞ്ഞ് മമ്മൂട്ടി ജനലില്‍ പിടിച്ച് നിന്ന് കിതക്കും, ഇത്രയും പ്രായമായ എന്നെ പാടുപെടുത്തുന്നത് നീ കാണുന്നില്ലേ എന്ന് ചോദിക്കും: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th October 2022, 8:53 pm

മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി ഗ്രേസ് ആന്റണി. റോഷാക്കില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പറാണെന്ന് തനിക്ക് മനസിലായെന്നാണ് ഗ്രേസ് പറയുന്നത്.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതില്‍ സാധാരണയായി എല്ലാവര്‍ക്കും കുറച്ച് പേടിയാണ് ഉണ്ടാകാറുള്ളതെന്നും എന്നാല്‍ താന്‍ വളരെ എക്‌സൈറ്റഡായിരുന്നെന്നാണ് ഗ്രേസ് പറയുന്നത്.

റോഷാക്കിലെ ഏറെ പ്രശസ്തമായ ഫൈറ്റ് സീനുകളെ കുറിച്ചും റോഷാക്ക് റിലീസിന് ശേഷം നടന്ന പ്രസ് മീറ്റില്‍ ഗ്രേസ് സംസാരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ എനര്‍ജി ലെവല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് താരം പറയുന്നത്.

‘എല്ലാവര്‍ക്കും മമ്മൂക്ക എന്ന് പറയുമ്പോള്‍ ഒരു പേടിയാണല്ലോ. എന്നാല്‍ എന്റെ കാര്യത്തില്‍ അതായിരുന്നില്ല. എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു.

ഞാന്‍ ഇക്കയോടും ഇക്ക എന്നോടും എന്തായിരിക്കും പറയുക, ഞങ്ങള്‍ എന്തിനെ കുറിച്ചെല്ലാം സംസാരിക്കും എന്നെല്ലാം ഞാന്‍ ആലോചിച്ചിരുന്നു. ആ എക്‌സൈറ്റ്‌മെന്റോട് കൂടിയാണ് റോഷാക്കിലെത്തുന്നത്.

റോഷാക്കില്‍ കാഷ്യു ഫാക്ടറിയില്‍ വെച്ച് ഇക്കയുടെ ഒരു ഫൈറ്റ് സീനുണ്ട്. എന്റെ കഥാപാത്രം അത് കാണുന്ന രീതിയിലാണത്.

ആ സീന്‍ എടുക്കുന്ന സമയത്ത് മമ്മൂക്ക വന്ന് എന്നോട് പറയും, ‘ഇത്രയും പ്രായമായ എന്നെയാ ഇവര്‍ ഈ പാടുപെടുത്തുന്നേ, ഇത് വല്ലോം കാണുന്നുണ്ടോ നീ’ എന്ന്. അപ്പോള്‍ നമുക്ക് തിരിച്ചൊന്നും പറയാന്‍ കിട്ടില്ല.

ഫൈറ്റ് സീന്‍ കഴിഞ്ഞ് ഇക്ക ജനലില്‍ പിടിച്ച് നിന്നിട്ട് വല്ലാതെ അണക്കും. നമ്മള്‍ അത് കാണും. പക്ഷെ അടുത്ത ഷോട്ടിന് വിളിക്കുമ്പോള്‍ അദ്ദേഹം ‘ഇനി അടുത്തത് പോയി ചെയ്തിട്ട് വരാം’ എന്ന് പറയും. ആ എനര്‍ജി ഒരു സംഭവം തന്നെയാണ്. പ്രായമൊക്കെ വെറും നമ്പറാണെന്ന് പറയാന്‍ തോന്നുന്നത് അപ്പോഴാണ്,’ ഗ്രേസ് പറഞ്ഞു.

റോഷാക്കില്‍ ഏറെ ശ്രദ്ധ നേടിയതാണ് മമ്മൂട്ടിയും ഗ്രേസ് ആന്റണിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍. ലൂക്ക് ആന്റണിയും സുജാതയുമായി ഇരുവരും ഗംഭീര പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചത്.

ചിത്രത്തില്‍ ലൂക്ക് ആന്റണിയോട് സുജാത ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഭാഗം ഗ്രേസിന്റെ പെര്‍ഫോമന്‍സിലെ മികച്ച നിമിഷങ്ങളായിരുന്നു.

Content Highlight: Grace Antony about Mammootty’s fight scene in Rorschach