| Tuesday, 18th October 2022, 1:09 pm

ഇക്കാ, അങ്ങനെ ചെയ്യേണ്ട, അതൊന്ന് മാറ്റിച്ചെയ്യണം; നിസാമിക്കയുടെ മുഖത്തേക്ക് മമ്മൂക്കയൊന്ന് നോക്കും; റോഷാക്ക് വിശേഷങ്ങളുമായി ഗ്രേസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്ക് സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും മമ്മൂക്ക-നിസാം ബഷീര്‍ കോമ്പോയെ കുറിച്ചും നടി ഗ്രേസ് ആന്റണി. മമ്മൂക്കയും നിസാമിക്കയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഭയങ്കര രസമായിരുന്നെന്നും ഒരു സീന്‍ റീ ടേക്ക് വേണ്ടി വന്നാല്‍ നിസാമിക്ക മമ്മൂക്കയുടെ അടുത്ത് പോയി പ്രത്യേക രീതിയിലാണ് അത് അവതരിപ്പിക്കുകയെന്നും ഗ്രേസ് പറയുന്നു. മൂവീമാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ്.

റോഷാക്കില്‍ എല്ലാവര്‍ക്കും നിസാമിക്ക ഒരു കടിഞ്ഞാണ്‍ വെച്ചിണ്ടായിരുന്നു എന്നാണ് മറ്റ് ആര്‍ടിസ്റ്റുകളൊക്കെ പറഞ്ഞത്. പക്ഷേ എനിക്കാ കടിഞ്ഞാണ്‍ ഉണ്ടായിരുന്നില്ല. എന്നെ അഴിച്ചുവിട്ടേക്കുകയായിരുന്നു. ഗ്രേസ് ചെയ്‌തോ എന്നുള്ള രീതിയിലാണ് എന്നെ വിട്ടത്. ഓരോ റിയാക്ഷന്‍സ് എടുക്കുമ്പോഴും ഓരോ ഷോട്ട് എടുക്കുമ്പോഴും എന്റെ അടുത്ത് ഇക്ക വന്നിട്ട് ഇങ്ങനെ ചെയ്യ് അങ്ങനെ ചെയ്യ് അങ്ങനെയൊന്നും പറഞ്ഞു തന്നിട്ടില്ല.

മമ്മൂക്കയുടെ അടുത്ത് വരെ പോയി നിസാമിക്ക പറയും ഇക്ക അങ്ങനെ ചെയ്യേണ്ട കേട്ടോ ഇങ്ങനെ ചെയ്താല്‍ മതിയെന്ന്. അപ്പോള്‍ മമ്മൂക്ക ഇങ്ങനെ നിസാമിക്കയെ ഒന്ന് നോക്കും. അങ്ങനെ ചെയ്യണോ എന്ന് ചോദിക്കും. അപ്പോള്‍ നിസാമിക്ക ആ അങ്ങനെ ചെയ്താല്‍ കൊള്ളാമെന്ന് പറയും.

ആ ശരി ചെയ്‌തേക്കാമെന്ന് പറഞ്ഞ് മമ്മൂക്ക വീണ്ടും ചെയ്യും. ഭയങ്കര രസമാണ് അവരുടെ ഒരു കോമ്പോ. ക്യാമറാ ഡിപാര്‍ട്‌മെന്റില്‍ ആണെങ്കില്‍ ചിലപ്പോള്‍ റീ ടേക്കുകളൊക്കെ പോകുവല്ലോ. എന്താണിത് എന്ന് മമ്മൂക്ക ചോദിക്കും. ഇത് കേള്‍ക്കുന്നതോടെ ക്യാമറാമാന്‍ ഇങ്ങനെ മിണ്ടാതെ നില്‍ക്കും. പോണോ വീണ്ടും എന്ന് മമ്മൂക്ക ചോദിക്കും.. ആരും ഒന്നും പറയില്ല. ഇതോടെ ആ ഒന്നുകൂടി പോകാം എന്ന് മമ്മൂക്ക തന്നെ പറയും. എല്ലാം ഭയങ്കര ഫണ്‍ ആയിട്ടാണ് ഇക്ക എടുക്കുന്നത്. പക്ഷേ ഇക്ക എപ്പോള്‍ ചൂടാകും എപ്പോള്‍ നോര്‍മലാകും എന്നൊന്നും നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എല്ലാവരും ഭയങ്കര കോണ്‍സന്‍ട്രേറ്റഡ് ആയിട്ടായിരുന്നു പോയിരുന്നത് (ചിരി), ഗ്രേസ് പറഞ്ഞു.

ഓരോ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴും ഓരോ ഡയറക്ടേഴ്‌സിനും വ്യത്യസ്ത സ്വഭാവമാണ്. നിസാമിക്കയുടെ കാര്യമൊക്കെ പറഞ്ഞാല്‍ അദ്ദേഹത്തിന് സിനിമയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. എല്ലാവര്‍ക്കും അതുണ്ട്. എങ്കിലും കുമ്പളങ്ങിയിലൊക്കെ വര്‍ക്ക് ചെയ്യുമ്പോള്‍ മധുവേട്ടനൊക്കെ വളരെ ശാന്തനായി നിന്നിട്ട് മോളേ ഇതാണ് സിറ്റുവേഷന്‍ എന്ന് പറയും.

ശ്യാമേട്ടന്‍ വന്നിട്ട് ഇങ്ങനെയാണ് ഞാന്‍ എഴുതിവെച്ചിരിക്കുന്നത്, കണ്ടന്റ് ഇതാണ് ഗ്രേസ് പറഞ്ഞോ എന്ന് പറയും. അപ്പോള്‍ നമ്മള്‍ കൂടുതല്‍ വര്‍ക്ക് ചെയ്യണം. ഓരോ സിനിമകളിലും ഓരോ സ്വഭാവമാണ്. അപ്പോള്‍ നമ്മള്‍ അത്യാവശ്യം പണിയെടുക്കണം. എല്ലാം ഡയറക്ടേഴ്‌സിനേയും റൈറ്ററേയും ഏല്‍പ്പിച്ച് നമുക്ക് നില്‍ക്കാന്‍ പറ്റില്ല, ഗ്രേസ് ആന്റണി പറഞ്ഞു.

Content Highlight: Grace Antony About Mammootty and Nissam Basheer combo on Rorschach

We use cookies to give you the best possible experience. Learn more