കുമ്പളങ്ങി നൈറ്റ്‌സില്‍ എന്റെയും ഫഹദിന്റെയും റിയാക്ഷന്‍ സീനുകള്‍ ഡയലോഗിനെക്കാള്‍ ഇംപാക്ടുള്ളതാണ്: ഗ്രേസ് ആന്റണി
Entertainment
കുമ്പളങ്ങി നൈറ്റ്‌സില്‍ എന്റെയും ഫഹദിന്റെയും റിയാക്ഷന്‍ സീനുകള്‍ ഡയലോഗിനെക്കാള്‍ ഇംപാക്ടുള്ളതാണ്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th July 2024, 3:26 pm

ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം തന്റെ പ്രകടനം കൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധേയയായി മാറി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ ഗ്രേസിന് സാധിച്ചു.

കുമ്പളങ്ങി നൈറ്റ്‌സിലെ തന്റെ പ്രകടനം ഇപ്പോഴും ഓര്‍ത്തിരിക്കാന്‍ കാരണം അതിലെ ഓരോ ചെറിയ സീനിലും കൊടുത്തിരിക്കുന്ന റിയാക്ഷനുകളാണെന്ന് ഗ്രേസ് ആന്റണി പറഞ്ഞു. ക്ലൈമാക്‌സ് സീനില്‍ ഫഹദിന്റെ പ്രകടനം കണ്ട് താന്‍ കൊടുക്കുന്ന റിയാക്ഷനും, തന്റെ കഥാപാത്രം ബാറ്റ് അടിച്ച് പൊട്ടിക്കുമ്പോള്‍ ഫഹദ് നല്‍കുന്ന റിയാക്ഷനും വളരെ പ്രാധാന്യമുള്ളതാണെന്ന് ഗ്രേസ് പറഞ്ഞു.

രണ്ട് പേജ് വരുന്ന ഡയലോഗുകള്‍ പറയുന്നതിനെക്കാള്‍ ഇംപാക്ട് അത്തരം ചെറിയ റിയാക്ഷനുകള്‍ക്കുണ്ടെന്നും ഗ്രേസ് പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടം അത്തരം സീനുകള്‍ ചെയ്യാനാണെന്നും താരം പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അത്തരം സീനുകളാണ് ഏറ്റവും വെല്ലുവിളിയെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. പുതിയ വെബ് സീരീസായ നാഗേന്ദ്രന്‍സ് ഹണിമുണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യം പറഞ്ഞത്.

‘കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് പെട്ടെന്ന് മുഖം പൊത്തി മാറി നില്‍ക്കുന്ന സീനില്‍ ഞാന്‍ ഒരു റിയാക്ഷന്‍ ഇടുന്നുണ്ട്. അതുപോലെ എന്റെ കഥാപാത്രം ബാറ്റ് അടിച്ച് പൊട്ടിക്കുമ്പോള്‍ ഫഹദിന്റെ ഒരു റിയാക്ഷനുണ്ട്. ആ രണ്ട് സീനിനും നമ്മള്‍ വിചാരിച്ചതിലും വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അവിടെ നമ്മള്‍ എന്തെങ്കിലും ഡയലോഗ് പറഞ്ഞിരുന്നെങ്കില്‍ അത്രക്ക് ഇംപാക്ട് ഉണ്ടാകില്ലായിരുന്നു.

സത്യത്തില്‍ രണ്ടും മൂന്നും പേജുകളുള്ള ഡയലോഗിനെക്കാള്‍ പ്രാധാന്യം അത്തരം ചെറിയ റിയാക്ഷന്‍ സീനുകള്‍ക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഏറ്റവും ഇഷ്ടം അത്തരം സീനുകള്‍ ചെയ്യാനാണ്. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അങ്ങനെയുള്ള സീനുകളാണ് ഏറ്റവും ചാലഞ്ചിങ് എന്നാണ് ഞാന്‍ കരുതുന്നത്. കാരണം, ഓഡിയന്‍സിന് ഉണ്ടാകുന്ന അതേ റിയാക്ഷന്‍ നമ്മുടെ മുഖത്തും കാണുമ്പോള്‍ ആ സീന്‍ കുറച്ചുകൂടെ കണക്ടാകും,’ഗ്രേസ് ആന്റണി പറഞ്ഞു.

Content Highlight: Grace Antony about her performance in Kumbalangi Nights