| Tuesday, 3rd September 2024, 6:09 pm

അങ്ങനെയൊന്നും ചെയ്യണ്ടെന്ന് മമ്മൂക്ക പറഞ്ഞെങ്കിലും എനിക്കത് ചെയ്യാന്‍ തോന്നി: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ഒന്നിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം തന്റെ പ്രകടനം കൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധേയയായി മാറി. നാച്ചുറലായി കോമഡി ചെയ്യുന്നിതില്‍ ഗ്രേസ് തന്റെ സമകാലീനരില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നയാളാണ്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ ഗ്രേസിന് സാധിച്ചു.

നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഷാക്കിലും ഗ്രേസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വ്യത്യസ്തമായ പ്രതികാരകഥ പറഞ്ഞ റോഷാക്കിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗ്രേസ് ആന്റണി. മമ്മൂട്ടി എന്ന നടനുമയി അഭിനയിക്കാന്‍ പറ്റിയത് വലിയൊരു കാര്യമാണെന്നും അദ്ദേഹത്തോട് തനിക്ക് വലിയ റെസ്‌പെക്ട് ഉണ്ടെന്നും ഗ്രേസ് പറഞ്ഞു.

സെറ്റിലെത്തിയ ആദ്യത്തെ ദിവസം മമ്മൂട്ടിയെ കണ്ടപ്പോള്‍ എണീറ്റെന്നും എപ്പോഴൊക്കെ അദ്ദേഹത്തെ കാണുന്നോ, അപ്പോഴെല്ലാം എണീക്കാറുണ്ടായിരുന്നെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. എപ്പോഴും എണീക്കുന്നത് കണ്ടപ്പോള്‍ ഒരു ദിവസം ഒറ്റത്തവണ എഴുന്നേറ്റാല്‍ മതിയെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്ന് ഗ്രേസ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തോടുള്ള റെസ്‌പെക്ട് കാരണം താന്‍ അത് കേട്ടില്ലെന്നും പിന്നീടും അത് തുടര്‍ന്നെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ഗ്രേസ്.

‘മമ്മൂക്ക എന്ന നടനോട് എനിക്ക് വലിയ റെസ്‌പെക്ടാണ്. കാരണം, നമ്മള്‍ എത്രയോ കാലമായി അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ടുകൊണ്ടിരിക്കുകയാണ്. റോഷാക്കില്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണെന്നറിഞ്ഞപ്പോള്‍ വല്ലാത്ത അവസ്ഥയായി. സെറ്റിലെത്തിയ സമയത്ത് നമ്മള്‍ ഷോട്ടിന് റെഡിയായി ഇരിക്കുകയായിരിക്കും. മമ്മൂക്ക റെഡിയായി വരുന്നത് കാണുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കും. അത് അദ്ദേഹത്തോടുള്ള നമ്മുടെ ബഹുമാനം കാണിക്കുന്നതാണ്. പുള്ളി പോയതിന് ശേഷം നമ്മള്‍ വീണ്ടും ഇരിക്കും.

മമ്മൂക്ക ഷോട്ടെടുത്ത് വരുന്നത് കാണുമ്പോള്‍ വീണ്ടും എഴുന്നേല്‍ക്കും. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുന്നോ അപ്പോഴെല്ലാം ഞാന്‍ എഴുന്നേറ്റ് നില്‍ക്കും. ഇത് കണ്ടിട്ട് പുള്ളി എന്നെ അടുത്തേക്ക് വിളിച്ചിട്ട്, ‘ഒരു ദിവസം ഒരു തവണ എഴുന്നേറ്റാല്‍ മതി, എപ്പോഴും വേണ്ട’ എന്ന് പറഞ്ഞു. പക്ഷേ എന്നെക്കാണ്ട് അത് പറ്റില്ല. ഞാന്‍ വീണ്ടും പുള്ളിയെ കാണുമ്പോള്‍ എഴുന്നേല്‍ക്കും. പുള്ളിയുടെ പ്രസന്‍സ് കണ്ടാല്‍ ഞാന്‍ എഴുന്നേല്‍ക്കും. അദ്ദേഹത്തോടുള്ള റെസ്‌പോണ്‍സ് നമ്മുടെ ബോഡി ഓട്ടോമാറ്റിക്കായി ചെയ്യുന്നതാണ്,’ ഗ്രേസ് ആന്റണി പറഞ്ഞു.

Content Highlight: Grace Antony about her experience with Mammootty in Rorschach

We use cookies to give you the best possible experience. Learn more